സംസ്ഥാനത്ത് വാണിജ്യ എൽപിജി പ്രതിസന്ധി രൂക്ഷം; കൊച്ചിയിൽ 70% ഹോട്ടലുകൾ പൂട്ടി, ഭക്ഷ്യക്ഷാമ ഭീഷണി

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി (LPG) പ്രതിസന്ധി രൂക്ഷമായി. കൊച്ചിയിൽ മാത്രം ഏകദേശം 70 ശതമാനത്തോളം ഹോട്ടലുകൾ പ്രവർത്തനം നിർത്തിയതായി റിപ്പോർട്ടുണ്ട്. ഗ്യാസ് സിലിണ്ടർ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും ഇപ്പോൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ട് ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം. ഹോട്ടലുകൾ പൂർണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നു.

ചൈനീസ് വിഭവങ്ങൾ നൽകുന്ന മിക്ക ഹോട്ടലുകളും അടച്ചിരിക്കുകയാണ്. വിവിധ വിഭവങ്ങൾ പാചകം ചെയ്യേണ്ടതിനാൽ ഊണിന് പകരം ബിരിയാണിയാണ് പല ഹോട്ടലുകളിലും ലഭിക്കുന്നത്. വെജിറ്റേറിയൻ ഹോട്ടലുകളിലും ഊണിന് പകരം വെജ് ബിരിയാണിയാണ് നൽകുന്നത്.

പെറോട്ട ഒരുമിച്ച് തയ്യാറാക്കി ചൂടാറാത്ത പാത്രങ്ങളിൽ സൂക്ഷിച്ചാണ് ചില ഹോട്ടലുകളിൽ വിൽപ്പന നടത്തുന്നത്. ദോശ, അപ്പം തുടങ്ങിയ വിഭവങ്ങൾ ലഭ്യമല്ല. കാരവട, ഉള്ളിവട, പഴംപൊരി തുടങ്ങിയവയ്ക്ക് പകരം ഉഴുന്നുവട മാത്രമാണ് ചായക്കൊപ്പം ലഭിക്കുന്നത്. ചില ഹോട്ടലുകൾ ചായ വിൽപ്പന പോലും നിർത്തിയിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലുകളായ ഉഡുപ്പി, അരുണ തുടങ്ങിയവ പാചകം വിറകടുപ്പിലാക്കി. കോഴിക്കോട് പാരഗൺ ഹോട്ടൽ മെനു വെട്ടിച്ചുരുക്കിയെങ്കിലും ആവശ്യക്കാർ കൂടുതലുള്ള വിഭവങ്ങൾ നൽകുന്നുണ്ട്.

റെയിൽവേ കാന്റീനുകളുടെയും കോഫി ഹൗസുകളുടെയും പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണ്. മിക്കവയും പ്രവർത്തനം നിർത്തിയ നിലയിലാണ്.

കൊച്ചി ഉദയംപേരൂരിലുള്ള പ്ലാന്റിൽ നിന്നാണ് വാണിജ്യ സിലിണ്ടർ വിതരണം ചെയ്യുന്നത്. എന്നാൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടർ വിതരണം ഭാഗികമായി നടന്നിരുന്നുവെങ്കിലും ഇപ്പോൾ അത് പോലും ഏറെക്കുറെ നിലച്ച നിലയിലാണ്.

സർക്കാർ തലത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായ പരിഹാരം ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.

malayalampulse

malayalampulse