മോസ്കോ: ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടതായി റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഇരട്ടിയാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.
‘ദി അക്വ ടൈറ്റൻ’ എന്ന പേരിലുള്ള കപ്പലാണ് ഇപ്പോൾ ഇന്ത്യൻ തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുന്നത്. മാർച്ച് 21ന് ന്യൂ മംഗളൂർ തീരത്ത് ഈ കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം.
ബാൾട്ടിക് തുറമുഖത്ത് നിന്ന് ജനുവരിയിൽ പുറപ്പെട്ട ഈ കപ്പൽ മാർച്ച് മധ്യത്തോടെ ചൈനയിലെ റിസാവോ തീരത്ത് എത്താനായിരുന്നു പദ്ധതി. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് അനുമതി നൽകിയതിന് പിന്നാലെ കപ്പൽ ഇന്ത്യയിലേക്ക് തിരിച്ചു വിടുകയായിരുന്നു.
30 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
