സ്വത്തെല്ലാം അനാഥാലയത്തിന് എഴുതി വച്ച സഹോദരി; വടുതലയിലെ വീടിന് അവര്‍ നല്‍കിയത് പ്രതിമാസം 45,000 രൂപ; ആര്‍ക്കും അവരോട് താല്‍പ്പര്യമില്ലെന്ന് വ്യക്തം; ബന്ധുക്കള്‍ പോലും വിട്ടുനിന്നു; കുടുംബത്തിന് കൊച്ചിയില്‍ അന്തിമയാത്ര

കൊച്ചി വടുതലയിൽ ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബത്തിന്റെ സംസ്‌കാരം എറണാകുളത്ത് തന്നെ നടത്തി. ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വടുതല ശ്മശാനം ചടങ്ങുകള്‍ നടന്നത്.

വിളപ്പില്‍ശാല സ്വദേശികളായ വൈ. ശ്രീകുമാരി (59), മകള്‍ അശ്വതി എസ്. നായര്‍ (39), കുട്ടികളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവരാണ് മരിച്ചവര്‍. ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം നല്‍കിയ നിലയിലുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈയില്‍ അശ്വതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലും മാനസിക വിഷമങ്ങളുമാണ് ദുരന്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പോലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കും ഭര്‍തൃമാതാവിനും അയല്‍വാസികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. ഇവരില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറെടുക്കുകയാണ്. ആത്മഹത്യ പ്രേരണ കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ അന്വേഷണം പുരോഗമിക്കുന്നു.

സ്വത്തുക്കള്‍ അനാഥാലയത്തിന് നല്‍കണമെന്ന ആഗ്രഹവും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതകാലത്ത് അനുഭവിച്ച ഒറ്റപ്പെടലും അവഗണനയും ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചെന്നാണ് സൂചന.

രണ്ടുമാസം മുമ്പ് ചികിത്സ ആവശ്യത്തിന് കൊച്ചിയിലെ വാടകവീട്ടിലേക്ക് മാറിയിരുന്ന കുടുംബം, വാടക മുഴുവന്‍ അടച്ച് വീട് ഒഴിയുമെന്ന് അറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.

ബന്ധുക്കള്‍ എത്തിയിട്ടും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്നതോടെ, പോലീസ് മുന്‍കൈയെടുത്താണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഒടുവില്‍ സ്വന്തം നാട്ടില്‍ അല്ല, അപരിചിതമായ മണ്ണിലാണ് അഞ്ചുപേരും അന്ത്യവിശ്രമം കണ്ടെത്തിയത്.

malayalampulse

malayalampulse