ആരോഗ്യരംഗം ലോകോത്തരമെന്ന് പ്രസംഗം; ചികിത്സയ്ക്ക് ലക്ഷങ്ങളും കോടികളും പൊതുപണം പൊടിച്ച് മുൻമുഖ്യന്ത്രിയും മന്ത്രിമാരും; വേറിട്ട മാതൃകയായി അഞ്ച് മന്ത്രിമാർ

തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ രംഗം ലോകോത്തരമാണെന്നും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും നിയമസഭയിലും പൊതുവേദികളിലും ഭരണാധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും, തങ്ങള്‍ക്ക് രോഗം വരുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ കൈയൊഴിയുന്ന ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കോടിക്കണക്കിന് രൂപ പൊതുപണം ഉപയോഗിച്ച് വിദേശത്തും പ്രമുഖ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വിമര്‍ശനം ശക്തമാകുന്നത്. മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം ഈ തുക കൈപ്പറ്റിയത്.

സംസ്ഥാനത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജുകളിലോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രികളിലോ ചികിത്സ തേടാന്‍ മന്ത്രിമാരും എം.എ.ല.മാരും തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഇപ്പോള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത്. മികച്ച ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവര്‍ തന്നെ സ്വകാര്യ-വിദേശ ലോബികള്‍ക്ക് പിന്നാലെ പോകുന്നത് പൊതുജനാരോഗ്യ സംവിധാനങ്ങളിലുള്ള അവരുടെ വിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പോലുമില്ലാതെ സാധാരണക്കാര്‍ ചികിത്സയ്ക്കായി നെട്ടോട്ടമോടുമ്പോഴാണ് ജനപ്രതിനിധികളുടെ ഈ അനിയന്ത്രിതമായ പൊതുപണ വിനിയോഗം.

വിദേശ ചികിത്സയ്ക്ക് കോടികൾ; മുന്നിൽ പിണറായി വിജയൻ

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ പ്രശസ്തമായ മയോക്ലിനിക്കിലെ ചികിത്സയ്ക്കായി മാത്രം മൂന്ന് തവണയായി 88,18,210 (എണ്‍പത്തിയെട്ട് ലക്ഷത്തി പതിനെണ്ണായിരത്തി ഇരുനൂറ്റിപ്പത്ത്) രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് കൈപ്പറ്റിയത്. വിവരവകാശ രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആകെ ചികിത്സാ ചെലവ് 93 ലക്ഷത്തിന് മുകളിലാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയെ അന്താരാഷ്ട്ര തലത്തില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്ന സര്‍ക്കാരിന്റെ തലവന്‍ തന്നെ കോടികള്‍ ചെലവിട്ട് വിദേശത്ത് പോകുന്നതിലെ വിരോധാഭാസമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ലക്ഷങ്ങൾ വാരിയ മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും

അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിസഭയിലെ അംഗങ്ങളും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയ്ക്കായി വന്‍ തുകയാണ് ഖജനാവില്‍ നിന്ന് ഈടാക്കിയത്. വിവരാവകാശ രേഖകൾ പ്രകാരമുള്ള കണക്കുകൾ താഴെ നൽകുന്നു: ജനപ്രതിനിധി പദവി (ചികിത്സാ സമയത്ത്) കൈപ്പറ്റിയ തുക (രൂപയിൽ) കെ. കൃഷ്ണന്‍കുട്ടി മുന്‍ വൈദ്യുതി മന്ത്രി 48,69,772 വി. ശിവന്‍കുട്ടി മുന്‍ മന്ത്രി 33,48,898 ഡോ. ആര്‍. ബിന്ദു ഉന്നതവിദ്യാഭ്യാസ മന്ത്രി 10,03,593 വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ് (കാബിനറ്റ് പദവി) 6,45,786 ഡോ. എന്‍. ജയരാജ് സര്‍ക്കാര്‍ ചീഫ് വിപ്പ് 1,19,158 മന്ത്രിമാരും എം.എല്‍.എ.മാരും തങ്ങളുടെ പദവി ഉപയോഗിച്ച് പരിധിയില്ലാതെ പൊതുപണം സ്വന്തം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ഒട്ടും ജനാധിപത്യപരമല്ലെന്ന ആക്ഷേപം ശക്തമാണ്. സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൃത്യമായ പരിധിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ മാത്രം നല്‍കുമ്പോള്‍, ജനപ്രതിനിധികള്‍ക്ക് എത്ര തുക വേണമെങ്കിലും ഖജനാവില്‍ നിന്ന് അനുവദിച്ച് നല്‍കുന്ന രീതി മാറണം. ഇവര്‍ക്കായി നിശ്ചിത തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും അതിന് മുകളിലുള്ള തുക സ്വന്തം കൈയില്‍ നിന്ന് ചെലവാക്കണമെന്നുമാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആവശ്യം.

പൊതുജനങ്ങളുടെ ചോദ്യം: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കോടികളുടെ പരസ്യങ്ങള്‍ നല്‍കുന്നവരാണ് നമ്മെ ഭരിക്കുന്നത്. എന്നാല്‍ ഒരു ചെറിയ ശസ്ത്രക്രിയയ്‌ക്കോ വിദഗ്ദ്ധ പരിശോധനയ്‌ക്കോ പോലും ഇവര്‍ക്ക് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികളുടെ ആഡംബര മുറികള്‍ വേണം. ഈ ഇരട്ടത്താപ്പാണ് ജനങ്ങളെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് പോലും വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സാധാരണക്കാര്‍ എങ്ങനെ വിശ്വസിച്ച് കടന്നുവരും?

ഖജനാവിന് ഭാരമാകാതെ മാതൃകയായ 5 മന്ത്രിമാർ

ഭരണാധികാരികളുടെ ഈ ധൂര്‍ത്തുകള്‍ക്കിടയിലും മാതൃകയാക്കാവുന്ന ചില ശുഭവാര്‍ത്തകളും ഈ പട്ടികയിലുണ്ട്. ഔദ്യോഗിക പദവിയിലിരുന്നിട്ടും ചികിത്സാ ആനുകൂല്യമായി സര്‍ക്കാരില്‍ നിന്നും ഒരു രൂപ പോലും കൈപ്പറ്റാതെ അഞ്ച് മന്ത്രിമാര്‍ പൊതുരംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ചു. ജനങ്ങളുടെ നികുതിപ്പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കില്ലെന്ന ഇവരുടെ നിലപാട് ഏറെ അഭിനന്ദിക്കപ്പെടുന്നുണ്ട്.

  • വീണാ ജോർജ് (മുൻ ആരോഗ്യ മന്ത്രി): ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് മുൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേരാണ്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നിട്ടും അവര്‍ ചികിത്സാ ഇനത്തില്‍ ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയില്ലെന്നത് താന്‍ നയിക്കുന്ന സംവിധാനത്തോടും പൊതുജനത്തോടും കാണിച്ച അങ്ങേയറ്റത്തെ പ്രതിബദ്ധതയാണ്. വകുപ്പ് മന്ത്രി തന്നെ ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ അത് സഹപ്രവര്‍ത്തകര്‍ക്കും വലിയൊരു സന്ദേശമാണ് നല്‍കുന്നത്.
  • പി. പ്രസാദ് (കൃഷി വകുപ്പ് മന്ത്രി)
  • ഒ.ആർ. കേളു (പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി)
  • കെ.ബി. ഗണേഷ് കുമാർ (ഗതാഗത മന്ത്രി)
  • പി. രാജീവ് (വ്യവസായ മന്ത്രി)
    സ്വന്തം നിലയ്‌ക്കോ ഇന്‍ഷുറന്‍സ് വഴിയോ ഇവര്‍ ചികിത്സാ ചെലവുകള്‍ കണ്ടെത്തിയപ്പോള്‍, അത് സംസ്ഥാന ഖജനാവിന് വലിയൊരു ആശ്വാസമായി മാറി.
    കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍, ജനപ്രതിനിധികളുടെ അനിയന്ത്രിതമായ ചികിത്സാ ആനുകൂല്യങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണവും മാനദണ്ഡവും കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഭരണാധികാരികള്‍ക്ക് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാന്‍ മടിയാണെങ്കില്‍, അത് നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ പരാജയമായി മാത്രമേ കാണാന്‍ കഴിയൂ. അതിനാല്‍ ജനപ്രതിനിധികള്‍ക്ക് ഇന്‍ഷുറന്‍സ് പരിധി നിശ്ചയിക്കാനും, സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ജനകീയമാക്കാനും സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്.
malayalampulse

malayalampulse