എ. പദ്മകുമാറിനെതിരെ സിപിഎം നടപടി സ്വീകരിച്ചെന്ന വാർത്തകൾക്കിടെ അംഗത്വം പുതുക്കാത്ത വ്യക്തിക്കെതിരെ അച്ചടക്ക നടപടി സാധ്യമാണോ എന്ന ചോദ്യവുമായി പുതിയ രാഷ്ട്രീയ വിവാദം. ആത്മകഥയിലൂടെ വെളിപ്പെടുത്തലുകൾക്ക് ഒരുങ്ങുന്നതായും സൂചന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ കടുത്ത ദുരൂഹത. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന ആഭ്യന്തര പ്രശ്നങ്ങളും അസ്വാരസ്യങ്ങളും ഒതുക്കിത്തീര്‍ക്കാന്‍ നേതൃത്വം കെട്ടിയാടുന്ന രാഷ്ട്രീയ നാടകമാണോ ഇതെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ ഭരണഘടനാപരമായ വശങ്ങള് പരിശോധിക്കുമ്പോള്‍ എ. പദ്മകുമാറിനെതിരെ ഒരു തരത്തിലുള്ള അച്ചടക്ക നടപടിയും എടുക്കാന്‍ സി.പി.എമ്മിന് സാങ്കേതികമായി കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എ. പദ്മകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ല എന്നതാണ് നിലവില്‍ ഈ വിവാദങ്ങള്‍ക്ക് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയും പ്രവര്‍ത്തന ശൈലിയും അനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ അംഗത്വം പുതുക്കാത്ത ഒരു വ്യക്തി സാങ്കേതികമായി പാര്‍ട്ടിയുടെ ഘടനയ്ക്ക് പുറത്താണ്. പാര്‍ട്ടിയില്‍ നിലവില്‍ അംഗമല്ലാത്ത, ലെവി വിഹിതം ഒടുക്കാത്ത ഒരാള്‍ക്കെതിരെ എങ്ങനെ സസ്പെന്‍ഷനോ മറ്റ് അച്ചടക്ക നടപടികളോ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ സി.പി.എം നേതൃത്വം വിയര്‍ക്കുകയാണ്.
അംഗത്വമില്ലാത്ത നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തു എന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന സംശയമാണ് ഇതോടെ ഉയരുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന സസ്പെന്ഷന് വാര്‍ത്തകള്‍ തികച്ചും വ്യാജമാണോ എന്ന സംശയവും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും അണികള്‍ക്കിടയിലെ ആശയക്കുഴപ്പം മാറ്റാനും സി.പി.എം ഒരു ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കി വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. എന്നാല്‍ ജില്ലാ നേതൃത്വം ഇതുവരെ ഒരു വ്യക്തത വരുത്താന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള നീക്കങ്ങള്‍ക്ക് ആധാരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വിവാദം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അടക്കം എല്‍.ഡി.എഫിന്റെ വലിയ തോല്‍വിക്ക് കാരണമായെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പദ്മകുമാറിനെതിരെ അടിയന്തര നടപടിയെടുക്കാന്‍ സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.
മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക് നേരിട്ട് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് പദ്മകുമാറിനെതിരെ നടപടിയുണ്ടായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്ന കടുത്ത നടപടിയാണ് ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നതെങ്കിലും പിന്നീട് അത് സസ്പെന്‍ഷനിലേക്ക് മാറ്റുകയായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ എത്ര കാലത്തേക്കാണ് ഈ സസ്പെന്ഷന് എന്നതിലോ, എന്തൊക്കെയാണ് അദ്ദേഹം ചെയ്ത കുറ്റങ്ങളെന്നതിലോ കൃത്യമായ വിശദീകരണം നല്കാന് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
തുടക്കം മുതല്‍ ഒടുക്കം വരെ സര്‍വ്വത്ര ദുരൂഹത നിറഞ്ഞ രീതിയിലാണ് പാര്‍ട്ടിക്കുള്ളില്‍ ഈ അച്ചടക്ക നടപടിയുടെ ഫയലുകള്‍ നീങ്ങിയിട്ടുള്ളത്. ഒരു വശത്ത് നടപടി എടുത്തു എന്ന് മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വരുമ്പോള്‍, മറുവശത്ത് പദ്മകുമാറിനെ ഔദ്യോഗികമായി പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിയമപരമായ വഴിയില്ലെന്ന യാഥാര്‍ത്ഥ്യം നേതൃത്വത്തെ വേട്ടയാടുന്നു. ഈ ഇരട്ടത്താപ്പും ഒളിച്ചുകളിയും അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേരിട്ട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുക മാത്രമാണ് ഏക വഴി.
അതേസമയം, പാര്‍ട്ടിക്കുള്ളില്‍ നിന്നും തനിക്കെതിരെ ഉയരുന്ന ഈ നീക്കങ്ങള്‍ക്ക് സ്വന്തം ആത്മകഥയിലൂടെ വമ്പന്‍ തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് എ. പദ്മകുമാര്‍ എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. കഴിഞ്ഞ കുറേക്കാലമായി പാര്‍ട്ടിയില്‍ താന്‍ നേരിട്ട അവഗണനകളും ഒതുക്കലുകളും അക്കമിട്ട് നിരത്തുന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമെന്നാണ് സൂചന. ഇത് വെറുമൊരു ഓര്‍മ്മക്കുറിപ്പല്ല, മറിച്ച് പാര്‍ട്ടിക്കുള്ളിലെ പല പ്രമുഖരുടെയും മുഖംമൂടി അഴിക്കുന്ന ഒന്നായിരിക്കുമെന്നാണ് അറിയുന്നത്.
പ്രത്യേകിച്ച്, കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ശബരിമല സ്ത്രീപ്രവേശന വിവാദ കാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ താന്‍ എടുത്ത നിലപാടുകളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി നിര്‍ദ്ദേശങ്ങളും അദ്ദേഹം ആത്മകഥയിലൂടെ തുറന്നുപറയാന്‍ ഒരുങ്ങുന്നതായാണ് വിവരം. ശബരിമല വിഷയത്തില്‍ അക്കാലത്ത് പാര്‍ട്ടിക്കുള്ളില്‍ നടന്ന രഹസ്യ നീക്കങ്ങളും ബാഹ്യമായ ഇടപെടലുകളും കൃത്യമായ തെളിവുകളോടെ പുറത്തുവിടാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇത് സംഭവിച്ചാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വലിയൊരു ഭൂകമ്പത്തിന് കാരണമാകും.
തനിക്കെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടിയെന്ന പേരില്‍ വേട്ടയാടല്‍ ഉണ്ടായാല്‍ അതിന് മുന്നില്‍ ഒളിച്ചോടാനോ കീഴടങ്ങാനോ താന്‍ തയ്യാറല്ലെന്ന് പദ്മകുമാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പല നിര്‍ണായക വിവരങ്ങളും പരസ്യമായി തുറന്നുപറയേണ്ടി വരുമെന്ന് അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പത്രക്കുറിപ്പ് വന്നാലുടന്‍ തന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന് വ്യക്തമാക്കാനാണ് പദ്മകുമാറിന്റെ തീരുമാനം.
