മാര്‍ച്ച് നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍; ജനാധിപത്യത്തെ അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്-ബി.ജെ.പി ഗൂഢാലോചന സന്ദീപ് വാര്യര്‍
പെരിന്തല്‍മണ്ണ: വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ബി.ജെ.പിക്ക് അധികാരത്തിലേറാന്‍ സൗകര്യമൊരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടും കൃത്യമായ പഠനം നടത്തി വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ടു വന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ വമ്പിച്ച ബഹുജന നൈറ്റ് മാര്‍ച്ച് നടന്നു. മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ സ്ക്വയറിന് സമീപം സമാപിച്ചു.
മതേതര, ജനാധിപത്യ വിശ്വാസികളായ നൂറുകണക്കിന് ബഹുജനങ്ങള്‍ മാര്‍ച്ചില്‍ അണി നിരന്നു. രാഹുല്‍ ഗാന്ധിക്ക് ഐക്യ ദാര്‍ഢ്യം, തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി.യുടെ കമ്മീഷന് ഏജന്റ്, ഇന്ത്യയില്‍ ജനാധിപത്യം അപകടത്തില്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും പന്തവുമേന്തിയാണ് ജനങ്ങള്‍ മാര്‍ച്ചില്‍ അണി നിരന്നത്.
ഇന്ത്യന്‍ ഭരണഘടനയെ വികൃതമാക്കാന്‍ നരേന്ദ്ര മോദിക്ക് ഒരിക്കലും സാധിക്കില്ലെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ ജനതക്ക് സാധിക്കുമെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. രാജ്യത്തിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി നിര്‍ഭയനായി പോരാട്ടം നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനത അണിനിരക്കുമെന്നും ഇതിന് മുന്നില്‍ പിടിച്ചു നില്ക്കാന് മോദിക്കും കൂട്ടര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാപന സംഗമത്തില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവര്‍ക്ക് കാലം മാപ്പു നല്‍കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞടുപ്പ് നടപടി ക്രമങ്ങള്‍ അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമ്പയര്‍ തന്നെ ബാറ്റിംഗിനിറങ്ങുന്ന നടപടിയാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇലക്ഷന് കമ്മീഷന് ബി.ജെ.പിക്ക് വേണ്ടി അടിമപ്പണിയെടുക്കുകയാണ്. കെ. സുരേന്ദ്രന് ധൈര്യമുണ്ടെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാന്‍ തയ്യാറാവണമെന്ന് സന്ദീപ് വാര്യര്‍ വെല്ലു വിളിച്ചു.
സമാപന സംഗമത്തില്‍ എ.കെ. നാസര്‍ മാസ്റ്റര്‍, സി. സുകുമാരന്‍, എ. ആനന്ദന്, അഡ്വ. എ.കെ. മുസ്തഫ, ജോര്‍ജ്, അഡ്വ. രാജേന്ദ്രന്, നാലകത്ത് ഷൗക്കത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
#വോട്ട്ചോരി_പ്രക്ഷോഭം #രാഹുല്‍ഗാന്ധി #പെരിന്തല്‍മണ്ണ #ബഹുജനമാര്‍ച്ച് #കോൺഗ്രസ് #ജനാധിപത്യം #ElectionFraud #SaveDemocracy #NightMarch #NajeebKanthapuram
