ലണ്ടൻ: പ്രീമിയർ ലീഗിൽ ആർസനലിന് വൻ വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ഗണ്ണേഴ്സ് എതിരില്ലാത്ത അഞ്ച് ഗോളുകൾ നേടി സീസണിലെ രണ്ടാമത്തെ ജയം സ്വന്തമാക്കി.
വിക്ടർ ഗ്യോകറസ് (48, 90+5) , ജുറൈൻ ടെംബർ (34, 56) എന്നിവർ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ, ബുക്കായോ സാക്ക (45+1) ടീമിന്റെ വിജയത്തിൽ പങ്കുചേർന്നു. പുതിയതായി ക്ലബിനൊപ്പം ചേർന്ന സ്വീഡിഷ് സ്ട്രൈക്കറായ ഗ്യോകറസിന്റെ ഗണ്ണേഴ്സിനൊപ്പമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. ബ്രെണ്ണൻ ജോൺസൺ (35), ജാവോ പെൽഹീഞ്ഞ (45+2) എന്നിവർ ഗോൾ നേടുകയും പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് തിരിച്ചടിയാകുകയും ചെയ്തു.
അതേസമയം, ബ്രെൻഡ്ഫോഡ് 1-0 ന് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 12ാം മിനിറ്റിൽ ഡാങ്കോ ഔട്ടാരയാണ് വിജയഗോൾ നേടിയത്.
