പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വൻ വിജയമായിരുന്നുവെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പ്രതീക്ഷിച്ചതിൽ ഏറെ പേർ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു.
സമാപന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്ഘാടന സമ്മേളനത്തിൽ 4126 പേർ പങ്കെടുത്തു. 14 സംസ്ഥാനങ്ങളിൽ നിന്ന് 2125 പേർ എത്തി. ഏറ്റവും കൂടുതൽ പങ്കാളിത്തം തമിഴ്നാട്ടിൽ നിന്നായിരുന്നു – 1545 പേർ. ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
15 രാജ്യങ്ങളിൽ നിന്ന് 182 പേരും എത്തിയിരുന്നു. വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ പങ്കാളിത്തം ശ്രീലങ്കയിൽ നിന്നാണ് – 39 പേർ. മലേഷ്യ, കാനഡ, അമേരിക്ക, ഷാർജ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിൽ നിന്നുള്ള 1819 പേർ ഉൾപ്പെടെ 28 സമുദായ സംഘടനാ പ്രതിനിധികൾ പങ്കാളികളായി.
എന്നിരുന്നാലും, ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവരിൽ എല്ലാവരും ചര്‍ച്ചയുടെ ഭാഗമായിരുന്നില്ല. ചിലർ വെറും പ്രദർശനം കണ്ടു മടങ്ങുകയായിരുന്നു. രജിസ്റ്റർ ചെയ്തത് 623 പേർ മാത്രമാണെന്നു ചിലർ ആരോപിച്ചു.
ചർച്ചകളിൽ ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നു. ശബരിമല വികസനത്തിന് പിന്തുണയായി സ്‌പോൺസർമാരും മുന്നോട്ടുവന്നതായി മന്ത്രി പറഞ്ഞു. അടുത്ത തീർത്ഥാടനം ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.
