കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നല്‍കിയ നിയമനം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം സൂചന നല്‍കി. കേരളത്തില്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുമെന്ന് അബിന്‍ വര്‍ക്കി വ്യക്തമാക്കി.
“പാര്‍ട്ടി എടുത്ത തീരുമാനം തെറ്റാണെന്ന് പറയുന്നില്ല. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കില്ല. പക്ഷേ പരിഗണിച്ച ഘടകങ്ങള്‍ നേതൃത്യം വ്യക്തമാക്കേണ്ടതാണ്,” അബിന്‍ വര്‍ക്കി കോഴിക്കോട് പറഞ്ഞു.
“തനിക്ക് മേല്‍വിലാസം നല്‍കിയതും വളര്‍ത്തിയതും പാര്‍ട്ടിയാണ്. അതിന് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. കേരളത്തില്‍ പ്രവര്‍ത്തനം തുടരാനാണ് ആഗ്രഹം. പാര്‍ട്ടിയോട് അതിന് അവസരം തരണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു,”– അബിന്‍ വര്‍ക്കി വ്യക്തമാക്കി.
അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയായിട്ടാണ് അബിനെ നിയമിച്ചത്. പ്രസിഡന്റായ ഒ.ജെ. ജെനീഷും വര്‍ക്കിംഗ് പ്രസിഡന്റായ ബിനു ചുള്ളിയിലും കെ.സി. വേണുഗോപാല്‍ പക്ഷക്കാരാണ് എന്നത് ഐ ഗ്രൂപ്പില്‍ അതൃപ്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
