തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാറാണ് യുവാക്കളെ ഇടിച്ചുതെറിപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനത്തിന്റെ ആർ.സി. ഉടമയുടെ പേര് സുധീർകുമാർ എന്നാണുള്ളത്. മണിയൻപിള്ള രാജുവിന്റെ യഥാർത്ഥ പേരാണ് സുധീർകുമാർ.
ഇന്നലെ രാത്രി നടന്ന അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സൂരജിനെ എസ്.പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിദേവിന് കാലിന് ഒടിവുമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. അമിതവേഗത്തിൽ എത്തിയ വോൾവോ കാർ ബൈക്കിൽ ഇടിച്ചതോടെ ബൈക്ക് കാറിനടിയിൽ കുടുങ്ങിയ നിലയിൽ മുന്നോട്ട് നീങ്ങിയെന്നും സാക്ഷികൾ പറഞ്ഞു. തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് അപകടത്തിൽപ്പെട്ട ബൈക്ക് റോഡരികിലേക്ക് മാറ്റിയത്.
സംഭവത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് രംഗത്തെത്തി. അച്ഛൻ ഡ്രൈവർ ഒപ്പമെത്തിയാണ് ട്രിവാൻഡ്രം ക്ലബിൽ പോയതെന്നും ക്ലബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നുമാണ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മോട്ടോർ വാഹന നിയമപ്രകാരം വകുപ്പുകളും ചേർത്തിട്ടുണ്ട്. വാഹനം ഓടിച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാൽ ‘വാഹനത്തിന്റെ ഡ്രൈവർ’ എന്ന പേരിലാണ് ആദ്യം കേസ് എടുത്തത്.
മണിയൻപിള്ള രാജുവിനെയും കാറിനെയും കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. രാത്രി രണ്ടുതവണ പൊലീസ് വീട്ടിലെത്തിയെങ്കിലും ഫോണിൽ ബന്ധപ്പെടാനായില്ലെന്നാണ് വിവരം. അപകടത്തിന് ശേഷം കാർ ഒളിപ്പിച്ചിരിക്കാമെന്ന സംശയവും പൊലീസ് പരിശോധിച്ചു. എന്നാൽ ഇന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് വിവരം. അപകടത്തിൽപ്പെട്ട കാറുമായി തന്നെ എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. കാർ ഓടിച്ചത് മണിയൻപിള്ള രാജു തന്നെയാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
