കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലേറ്റുകയാണ് യാത്രയുടെ ലക്ഷ്യം.
ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതുയുഗ യാത്ര. ഉദ്ഘാടനശേഷം കാസർകോട്ട് ജാഥയ്ക്ക് സ്വീകരണം നൽകും. നാളെ രാവിലെ 10 മണിക്ക് ഉദുമ ടൗണിലും 11 മണിക്ക് കാഞ്ഞങ്ങാടും, 12 മണിക്ക് തൃക്കരിപ്പൂരിലും പുതുയുഗ യാത്രയുടെ സ്വീകരണ പൊതുസമ്മേളനങ്ങൾ നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ യാത്ര പുരോഗമിച്ച് മാർച്ച് 7ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തോടെ യാത്ര സമാപിക്കും.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണവും പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിൽ ഏതാനും മണ്ഡലങ്ങൾ ഒഴികെ എല്ലായിടത്തും സ്വീകരണമുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സന്ദേശം ഉയർത്തിപ്പിടിക്കുന്ന “പുതുയുഗ യാത്ര”യിൽ പ്രവർത്തകരും പൊതുജനങ്ങളും വലിയ തോതിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
