രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി അതിജീവിത

തിരുവനന്തപുരം: സൈബർ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി അതിജീവിത. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത നൽകുന്ന മൂന്നാമത്തെ പരാതിയാണ് ഇത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതായി പരാതിയിൽ ആരോപിക്കുന്നു.

പാർട്ടി സ്വീകരിച്ച നടപടി പ്രതീകാത്മകം മാത്രമാണെന്നും മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ദേശീയ നേതാക്കൾക്ക് പരാതി നൽകേണ്ടിവന്നതെന്നും അതിജീവിത വ്യക്തമാക്കുന്നു. സൈബർ ആക്രമണത്തിലൂടെ തങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഫെന്നി നൈനാൻ സമൂഹ മാധ്യമങ്ങളിലൂടെ തുടർച്ചയായി വ്യക്തിഹത്യയും സൈബർ ആക്രമണവും നടത്തുകയാണെന്നും പരാതിയിൽ പറയുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട സ്വകാര്യ സംഭാഷണങ്ങളും ചാറ്റുകളും അനുവാദമില്ലാതെ പുറത്തുവിടുന്നതായും ആരോപണമുണ്ട്. ഈ വിഷയത്തിൽ ഫെന്നി നൈനാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ഇയാൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതായും പരാതിയിൽ പറയുന്നു.

കോൺഗ്രസ് സൈബർ ഹാൻഡിലുകൾ ഉപയോഗിച്ച് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പി.ആർ പ്രവർത്തനങ്ങൾ തുടരുന്നുവെന്നും, പാർട്ടിയുടെ നടപടി വെറും പ്രതീകാത്മകമായി മാത്രമാണ് നിലനിൽക്കുന്നതെന്നും അതിജീവിത ആരോപിക്കുന്നു. അതിജീവിതകളും പ്രായപൂർത്തിയാകാത്ത ഇരകളും ഉൾപ്പെടെ വലിയ മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിനിടയിലും നീതി നേടാൻ പോരാടുകയാണ് തങ്ങളെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

malayalampulse

malayalampulse