കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ പ്രോസിക്യൂഷന്റെ നിലപാടിനെതിരെ ദിലീപ് കോടതിയിൽ എതിർപ്പ് അറിയിച്ചു. കോടതിയലക്ഷ്യം ഇല്ലെന്ന പ്രോസിക്യൂഷൻ പരാമർശമാണ് ദിലീപ് ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനും ഒരു സ്വകാര്യ ചാനലിനുമെതിരെയാണ് ദിലീപ് കോടതിയലക്ഷ്യ ഹരജി നൽകിയിരിക്കുന്നത്. പ്രോസിക്യൂഷന്റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്നുമാണ് ദിലീപിന്റെ ആരോപണം.
ആർ. ശ്രീലഖയ്ക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ മറുപടി നൽകാൻ അതിജീവിത സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി. മിനി ഇന്ന് കോടതിയിൽ ഹാജരായി. ഹരജികൾ അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ കുറിച്ച് പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിൽ എത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നുവെന്നായിരുന്നു ചാൾസ് ജോർജിന്റെ പരാമർശം.
ഡിസംബർ എട്ടിന് വിധി പ്രസ്താവിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്.എസ്. ലിം, ആറാം പ്രതി പ്രദീപ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി 20 വർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. എന്നാൽ ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയുടെ നടപടികളെ വിമർശിക്കുന്നതിനിടെയാണ് ചാൾസ് ജോർജിന്റെ പരാമർശം. കോടതി നടപടികളെ കുറിച്ച് അതിജീവിതയും വിമർശനം ഉന്നയിച്ചിരുന്നു. അതിജീവിതയുടെ അഭിഭാഷകയെ വിചാരണ കോടതി ജഡ്ജി വിമർശിച്ചതും വിവാദമായിരുന്നു.
