ബിഹാറിൽ വിധി നിർണയം നാളെ; അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. അവസാനവട്ട കണക്കുകൂട്ടലുകളിൽ മുന്നണികൾ പ്രതീക്ഷയോടെ. എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും ഫലം എന്നതാണ് ഇന്ത്യാ മഹാസഖ്യത്തിന്റെ വിലയിരുത്തൽ. അതേസമയം, ഉയർന്ന പോളിങ് ശതമാനം എൻഡിഎയ്ക്ക് അനുകൂലം എന്നാണ് അവരുടേത്.

വോട്ടെണ്ണലിന് ഒരു ദിവസം ബാക്കിയിരിക്കെ, ഇരു മുന്നണികളും പൂർണ ആത്മവിശ്വാസത്തിലാണ്. വികസനവും ജനകീയ പ്രഖ്യാപനങ്ങളും വോട്ടർമാരെ സ്വാധീനിച്ചെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. രണ്ടുഘട്ടങ്ങളിലെയും ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

അതേസമയം, ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം എൻഡിഎയ്ക്കാണ് മുൻതൂക്കം നൽകുന്നത് — 121 മുതൽ 141 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. മഹാസഖ്യത്തിന് 98 മുതൽ 118 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

എന്നാൽ ഭരണവിരുദ്ധ വികാരവും തൊഴിലില്ലായ്മയും യുവാക്കളുടെ അസന്തോഷവും വോട്ടെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് മഹാസഖ്യ നേതാക്കളുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടുകൊള്ള ആരോപണവും വോട്ടർ പട്ടികയിലെ പരിഷ്കരണങ്ങളും പോളിംഗ് വർധനയ്ക്ക് കാരണമായെന്നാണ് കോൺഗ്രസ്–ആർജെഡി നിരീക്ഷണം.

malayalampulse

malayalampulse