ബോളിവുഡ് നടൻ അസ്രാനി അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടൻ അസ്രാനി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അന്തരിച്ചത്. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

ഗോവർധൻ അസ്രാനി എന്ന പൂർണനാമമുള്ള നടൻ ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസുകൾ കീഴടക്കിയ വ്യക്തിയായിരുന്നു. 1967-ൽ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂഡിയാൻ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഗുജറാത്തി സിനിമകളിലും നായകനായും അഭിനയിച്ചു.

അസ്രാനിയുടെ കരിയറിലെ ഏറ്റവും പ്രശസ്തമായ വേഷം ഷോലെ എന്ന സിനിമയിലെ ജയിലറുടേതായിരുന്നു. ഭൂൽ ഭുലയ്യ, ധമാൽ, ബണ്ടി ഔർ ബബ്ലി 2, ആർ… രാജ്കുമാർ, ഓൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

1972 മുതൽ 1984 വരെ പ്രധാന വേഷങ്ങളിലും പിന്നീട് സ്വഭാവനടനായും ഗുജറാത്തി സിനിമകളിൽ സജീവമായിരുന്നു. മരണത്തിന് മണിക്കൂറുകൾ മുമ്പ് ദീപാവലി ആശംസകൾ പങ്കുവെച്ചതായിരുന്നു അസ്രാനിയുടെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ്.

malayalampulse

malayalampulse