സിറ്റി ബസ് വിവാദം: മേയറിന് ചുട്ട മറുപടി; ‘113 ബസ് തിരിച്ച് കൊടുത്താൽ 150 കെഎസ്ആർടിസി ബസുകൾ ഇറക്കും’ – ഗണേഷ് കുമാർ

തിരുവനന്തപുരം:

സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് ചുട്ട മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സിറ്റി ബസുകൾ കോർപ്പറേഷന്റേതല്ലെന്നും, അറുപത് ശതമാനം വിഹിതം സംസ്ഥാന സർക്കാരിന്റേതാണെന്നും മന്ത്രി വ്യക്തമാക്കി.

മേയർ എഴുതി നൽകിയാൽ 113 ബസുകളും തിരിച്ച് നൽകാമെന്നും, പകരം 150 കെഎസ്ആർടിസി ബസുകൾ തിരുവനന്തപുരത്ത് ഇറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 113 ബസുകളാണ് നിലവിലുള്ളത്. ഈ സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരം നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പഠിച്ചിട്ട് മാത്രം സംസാരിക്കണമെന്നും, മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും മന്ത്രി പ്രതികരിച്ചു. കോർപ്പറേഷനു വാശിയാണെങ്കിൽ മുഴുവൻ ബസുകളും തിരിച്ചു നൽകാമെന്നും, നടത്തിപ്പ് കോർപ്പറേഷൻ തന്നെ ഏറ്റെടുക്കട്ടെയെന്നും ഗണേഷ് കുമാർ പറഞ്ഞു. സിറ്റി ബസ് ഉപയോഗിച്ചല്ല കെഎസ്ആർടിസി ജീവിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോജിക്കായിട്ട് നിൽക്കുകയാണെങ്കിൽ ലോജിക്കായിട്ട് തന്നെ നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

സ്മാർട്ട് സിറ്റിയുടെ ഭാഗമായി ലഭിച്ച 113 ഇലക്ട്രിക് ബസുകൾ നഗരത്തിനുള്ളിൽ മാത്രം സർവീസ് നടത്തുമെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കിയിരുന്നു. സിറ്റി ബസുകൾ നഗരത്തിനുള്ളിൽ സർവീസ് നടത്തി തുച്ഛമായ ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് കെഎസ്ആർടിസിയും കോർപ്പറേഷനും തമ്മിൽ കരാർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ കരാർ ലംഘിച്ച് കെഎസ്ആർടിസി സിറ്റി ബസുകൾ മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയെന്നും, ഇതാണ് വിവാദത്തിന് കാരണമെന്നും മേയർ വി.വി. രാജേഷ് ആരോപിച്ചിരുന്നു.

malayalampulse

malayalampulse