തിരുവനന്തപുരം:
സിപിഐക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ ‘ചതിയൻ ചന്തു’ പരാമർശത്തിന് കടുത്ത മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങൾക്ക് എല്ലാവരെയും അറിയാമെന്നും, സിപിഐയെയും ഈ പറഞ്ഞ ആളെയും ജനങ്ങൾ നന്നായി തിരിച്ചറിയുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘ചതിയൻ ചന്തു’ എന്ന പേര് ആയിരം വട്ടം ചേരുന്നത് ആ തലയ്ക്കാണെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് സർക്കാരിന് മാർക്കിടാനുള്ള ചുമതല വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും, വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും, എൽഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ലെന്നും ബിനോയ് വിശ്വം കടുത്ത ഭാഷയിൽ വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിനെ വിമർശിക്കാൻ മാത്രമല്ല പാർട്ടി യോഗം ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വിമർശനമുണ്ടാകും; വിമർശനം ഇല്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല. യോഗത്തിൽ വിമർശനം ഉണ്ടായത് യാഥാർഥ്യമാണെന്നും, സിപിഐ നേതൃത്വത്തെയും വിമർശിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ, അതിനെ പൊട്ടും പൊടിയുമെടുത്ത് കഥയാക്കി മാറ്റുകയാണ് മാധ്യമങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.
വിമർശനം പാർട്ടിയെയോ സർക്കാരിനെയോ ദുർബലപ്പെടുത്താൻ വേണ്ടിയല്ല, എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ നല്ല വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരാജയം ഇടതുമുന്നണിക്ക് പുതുമയല്ലെന്നും അദ്ദേഹം പറഞ്ഞു. അതോടെ ചരിത്രം അവസാനിക്കുന്നില്ല. ജനങ്ങൾ നൽകിയ മുന്നറിയിപ്പായാണ് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. ജനവിധിയെ തലതാഴ്ത്തി അംഗീകരിക്കുമെന്നും, തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെറ്റ് തിരുത്തൽ കമ്യൂണിസ്റ്റ് ഗുണമാണെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ട് പോയാൽ സർക്കാരിന് മൂന്നാം ഊഴം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാഠം പഠിക്കേണ്ടത് ഇപ്പോഴാണെന്നും, പാഠം ഉൾക്കൊണ്ടാലെ ഇടതുമുന്നണിക്ക് മുന്നോട്ട് പോകാൻ കഴിയൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
