സമസ്ത വേദിയിൽ മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങണം: മുഖ്യമന്ത്രി

കാസർകോട് സമസ്ത ശതാബ്ദി സമ്മേളന വേദിയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. മതരാഷ്ട്രവാദത്തെയും വർഗീയതയെയും ചെറുക്കാൻ മതനിരപേക്ഷ ശക്തികൾ ഒരുമിച്ച് നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തെ മതനിരപേക്ഷ സമൂഹമായി വളർത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം സമസ്ത പോലുള്ള മതസംഘടനകളും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭീകരവാദത്തെയും തീവ്രവാദത്തെയും എതിര്‍ക്കുന്നതില്‍ സമസ്ത എടുത്ത നിലപാട് മതനിരപേക്ഷതയുടെ സംസ്കാരത്തെ ശക്തിപ്പെടുത്തിയെന്നും, വർഗീയതയ്ക്ക് മറുപടി വർഗീയതയല്ലെന്ന സമസ്തയുടെ നിലപാട് ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമാണെന്നും, ഇന്ത്യയുടെ ബഹുമത ഘടനയും ബഹുസ്വര സാംസ്കാരിക പൈതൃകവും തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം എന്ന രീതിയിൽ രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വത്തിന്റെ മാനദണ്ഡമായി മതത്തെ ഉപയോഗിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും, പൗരത്വത്തിന്റെ പേരിൽ ആളുകളെ തടങ്കൽ പാളയങ്ങളിൽ അടയ്ക്കാനുള്ള ശ്രമങ്ങൾ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ അത്തരത്തിലുള്ള നടപടികൾ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. മാനവികതയുടെ ശത്രുവായ ഫാസിസത്തെ ലോകത്തിന്റെ എവിടെയായാലും ശക്തമായി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

malayalampulse

malayalampulse