എട്ട് വർഷങ്ങൾക്ക് ശേഷമുള്ള ബഹ്റൈൻ സന്ദർശനം; ഗൾഫ് പര്യടനത്തിന് തുടക്കം
മനാമ ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് ബഹ്റൈനിലാണ് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യ, മറ്റ് മലയാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
എട്ട് വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്.
പ്രവാസി മലയാളി സംഗമം നാളെ (വെള്ളി) വൈകീട്ട് ആറരയ്ക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം സംഘടിപ്പിക്കുന്നത്.
സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
സംഗമത്തിന്റെ സ്വാഗതസംഘം ജനറൽ കൺവീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രൂപവാല എന്നിവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
