മുഖ്യമന്ത്രിയുമായി ജനങ്ങളെ ബന്ധിപ്പിക്കാൻ ‘സിറ്റിസൺ കണക്ട് സെന്റർ’

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കേണ്ട വിഷയങ്ങൾ വിളിച്ചുപറയാനാവുന്ന മുഴുവൻസമയ കോൾ സെന്റർ തുടങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘സിറ്റിസൺ കണക്ട് സെന്റർ’ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM With Me) എന്നും പേരിട്ടിട്ടുണ്ട്.

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സർക്കാരിനും ജനങ്ങൾക്കുമിടയിൽ ആശയവിനിമയം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. വിവിധ വകുപ്പുകളിലെ പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥരെ സെന്ററിൽ നിയോഗിക്കും.

സാങ്കേതികവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാൻ കിഫ്ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വെള്ളയമ്പലത്തെ എയർ ഇന്ത്യയിൽ നിന്നെടുത്ത കെട്ടിടത്തിലാണ് സെന്റർ ആരംഭിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ഫോണിൽ സംസാരിക്കാത്ത പക്ഷം, ലഭിക്കുന്ന വിഷയങ്ങൾ നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തുന്ന രീതിയിലാണ് പ്രവർത്തനം.

malayalampulse

malayalampulse