നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്, നയിക്കാൻ രമേശ് ചെന്നിത്തല; പ്രചാരണസമിതി രൂപികരിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സമിതികൾക്ക് രൂപം നൽകി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണസമിതി ചെയർമാൻ. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. യുവ നേതാക്കളക്കം പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. 

പ്രചാരണസമിതി കൺവീനറായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെയും നിയമിച്ചു. പ്രകടന പത്രിക സമിതിയുടെ ചെയർമാൻ ബെന്നി ബെഹന്നാൻ ആണ്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹ അധ്യക്ഷൻ. യുവാക്കളെയും മുതിർന്ന നേതാക്കളെയും ഒരുപോലെ ഉൾപ്പെടുത്തിയ പ്രചാരണ സമിതിക്ക് തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ‌

ഹൈബി ഈഡന്‍, റോഡി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ക്യാംപയ്ന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലര്‍ത്തിയാണ് നിയമനം. എംപിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.

എത്രയും വേഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. ഈ മാസം 22ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌സമിതി യോഗം ന്യൂഡൽഹിയിൽ വിളിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എംപിമാർ എന്നിവർ പങ്കെടുക്കാനാണ് സാധ്യത.

malayalampulse

malayalampulse