കോൺഗ്രസിന്റെ പ്രതിരോധ ക്യാംപെയ്ൻ: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’—നേതാക്കൾ കവർ ഫോട്ടോ മാറ്റി

തിരുവനന്തപുരം ∣ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതുതായി ഉയർന്ന ബലാത്സംഗ പരാതികളുടെ പശ്ചാത്തലത്തിൽ, ശക്തമായ പ്രതിരോധ തന്ത്രവുമായി കോൺഗ്രസ് രംഗത്ത്. ശബരിമല സ്വർണക്കൊള്ള കേസിനെ ഉയർത്തിപിടിച്ച് ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ ക്യാംപെയ്ൻ ആരംഭിച്ചു. പാർട്ടി ഇപ്പോൾ നേരിടുന്ന ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തിനിടയിലാണ് ഈ നീക്കം.

യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വന്ന പരാതികൾ രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചപ്പോൾ, വിഷയത്തിൽ പ്രതിരോധത്തിലായ കോൺഗ്രസ് നേതൃത്വം ക്യാംപയിന് കൂടുതൽ ഭാരവുമേകുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ഹൈബി ഈഡൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ‘UDF Mass Online Campaign’ എന്ന പേരിൽ ക്യാംപയിന്റെ ഭാഗമായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഫേസ്ബുക്ക് പ്രൊഫൈലുകളിലെ കവർ ഫോട്ടോകൾ മാറ്റിയാണ് നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയത്. ശബരിമല കൊള്ള കേസ്, സ്വർണക്കടത്ത്, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾ എന്നിവയെ മുൻനിർത്തിയാണ് പോസ്റ്ററുകളുടെ രൂപകൽപ്പന. കഴിഞ്ഞ രണ്ട് ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി ആവിഷ്കരിച്ച ഡിജിറ്റൽ ക്യാംപയ്‌ൻ പാർട്ടി പ്രവർത്തകരും വ്യാപകമായി ഏറ്റെടുത്തിരിക്കുകയാണ്.

രാഹുലിനെതിരായ കേസുകളിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ, ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന സന്ദേശം കോൺഗ്രസ് ഉയർത്തുന്നത് വിഷയം മറ്റൊരു കോണിലേക്ക് തിരിക്കാനുള്ള രാഷ്ട്രീയ ശ്രമം എന്ന വിലയിരുത്തലുകളും ഉയരുന്നു. അടുത്തുള്ള തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ, ഈ ക്യാംപെയ്ൻ രാഷ്ട്രീയ ചൂട് കൂടി ഉയർത്തുമെന്നാണ് സൂചന.

malayalampulse

malayalampulse