ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സംഗമത്തിലും സംസ്ഥാന വ്യാപക ജ്യോതിയിലും

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നു. കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തും. മന്ത്രിയുടെ രാജിയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് മേഖലാ തലത്തില്‍ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചതനുസരിച്ച് നാല് വലിയ ജാഥകള്‍ 14 മുതല്‍ 18 വരെ വിവിധ ജില്ലകളിലൂടെ യാത്ര ചെയ്യും.

കെ. മുരളീധരന്‍ കാസര്‍കോട് മുതല്‍, കൊടിക്കുന്നില്‍ സുരേഷ് പാലക്കാട് മുതല്‍, അടൂര്‍ പ്രകാശ് തിരുവനന്തപുരം മുതല്‍, ബെന്നി ബഹനാന്‍ മൂവാറ്റുപുഴ മുതല്‍ യഥാക്രമം ജാഥകള്‍ നയിക്കും.

നാല് ജാഥകളും ഒക്ടോബര്‍ 18ന് പന്തളത്ത് പ്രതിഷേധ മാര്‍ച്ചോടെ സമാപിക്കും.

ഇതിനിടെ, ശബരിമല വിഷയത്തില്‍ ബിജെപിയും സംസ്ഥാനവ്യാപക പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുകയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തിയിരുന്നു. അതോടൊപ്പം ആര്‍.എസ്.പി തൊഴിലാളി വിഭാഗമായ യു.ടി.യു.സി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.

malayalampulse

malayalampulse