അമ്പലപ്പുഴയിൽ ജനവിധി തേടാൻ ജി. സുധാകരൻ? സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

ആലപ്പുഴ: കടുത്ത അവഗണനയും അവഹേളനവും നേരിട്ടതിനെ തുടർന്ന് സി.പി.എം അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരൻ, അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടിയേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു.

യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ പിന്തുണയെക്കുറിച്ച് താൻ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിയെന്ന നിലയിൽ മത്സരിക്കുമെന്നാണ് നിലപാട്. ആർക്കുവേണമെങ്കിലും പിന്തുണയ്ക്കാമെന്നും, എന്നാൽ പാർട്ടി വിരുദ്ധനാവില്ല എന്നതാണ് തന്റെ തീരുമാനം.

അതേസമയം, ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം നേതൃത്വവും ശ്രമം തുടരുകയാണ്. ജില്ലയിൽ വലിയ ജനപിന്തുണയുള്ള മുതിർന്ന നേതാവ് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചാൽ ഉണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതം മുന്നിൽക്കണ്ടാണ് ഈ നീക്കം.

അമ്പലപ്പുഴ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം സുധാകരൻ നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നു.

ശനിയാഴ്ച വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തുന്നുണ്ട്. ഈ സന്ദർഭത്തിൽ ജി. സുധാകരനെ അദ്ദേഹം നേരിൽ കാണുമോ എന്നതിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ആകാംക്ഷ നിലനിൽക്കുന്നു.

തന്റെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുമ്പോഴും തത്കാലം പരസ്യപ്രതികരണം വേണ്ടെന്നാണ് സുധാകരന്റെ നിലപാട്.

“Silence is strength (മൗനം ശക്തമാണ്)” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജി. സുധാകരന്റെ വിമർശനക്കുറിപ്പ് ഫേസ്ബുക്കിൽ വന്നതിന് പിന്നാലെ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബുധനാഴ്ച രാത്രി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ശ്രമിച്ചിരുന്നു. വാർത്താസമ്മേളനത്തിനിടെ ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തെക്കുറിച്ചാണെന്നും വ്യക്തിപരമായ ആക്ഷേപമല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

സുധാകരൻ ഇതെല്ലാം കേട്ടെങ്കിലും മറുപടി നൽകിയില്ലെന്നാണ് വിവരം. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.

സുധാകരൻ ഫാക്ടർ ഇടതുമുന്നണിയെ ബാധിക്കുമോ?

ജി. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ ആലപ്പുഴ ജില്ലയിലെ പല മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് തിരിച്ചടിയാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിൽ യു.ഡി.എഫും കരുനീക്കങ്ങൾ ശ്രദ്ധയോടെ നടത്തുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് പട്ടികയിൽ പരിഗണിച്ചിരുന്ന ചിലർക്കു പകരം മറ്റൊരു മണ്ഡലം നൽകണമെന്ന നിർദ്ദേശം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നൽകിയതായി സൂചനയുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ അമ്പലപ്പുഴ മണ്ഡലം ഒഴിവാക്കിയാൽ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.

malayalampulse

malayalampulse