കോഴിക്കോട്: പാളയത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി സിൽക്സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ വിശദമായ അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് സൂചന.
വൈകിട്ട് ഉണ്ടായ അഗ്നിബാധ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ആറു മണിക്കൂറിലധികം സമയം എടുത്തു. 20-ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിനും സ്ഥലത്തെത്തിയിരുന്നു.
പെരുന്നാൾ വിപണി മുന്നിൽക്കണ്ട് എത്തിച്ചിരുന്ന സ്റ്റോക്കുകൾ കൂടുതലും കത്തിനശിച്ചതായാണ് വിവരം. മൊത്തം നഷ്ടത്തിന്റെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ലക്ഷങ്ങൾ വിലവരുന്ന വസ്ത്രങ്ങളാണ് നശിച്ചതെന്ന് സൂചന.
അഗ്നിബാധ ഉണ്ടായ സമയത്ത് ഉപഭോക്താക്കളുടെ എണ്ണം കുറവായിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. തീ പടർന്നതിനെ തുടർന്ന് ജീവനക്കാരും കടയിൽ ഉണ്ടായിരുന്നവരും ഉടൻ പുറത്തിറങ്ങി.
രണ്ടുനിലകളിലായി പടർന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കാതിരിക്കാൻ ഫയർ ഫോഴ്സ് ശക്തമായി പരിശ്രമിച്ചു. ഷോറൂമിലെ ഫയർ സേഫ്റ്റി യൂണിറ്റുകൾ പ്രവർത്തനസജ്ജമായിരുന്നുവെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ കനത്ത കറുത്ത പുക വ്യാപിച്ചു.
👉 തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫയർ ഫോഴ്സ്, വൈദ്യുതി വകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
