തിരുവനന്തപുരം ബ്യൂറോ: കേരള സർവകലാശാലയിൽ പി.എച്ച്.ഡി ബിരുദം നൽകിയതുമായി ബന്ധപ്പെട്ട് വിവാദം. കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐ നേതാവ് വിപിൻ വിജയന് നൽകിയ സംസ്കൃതത്തിലെ പി.എച്ച്.ഡി ബിരുദമാണ് ഇപ്പോൾ അന്വേഷണ വിധേയമായിരിക്കുന്നത്.
സംസ്കൃത ഭാഷ പോലും വിദ്യാർത്ഥിക്ക് അറിയില്ലെന്നാരോപിച്ച് ഒറിയന്റൽ ഭാഷാ വിഭാഗത്തിന്റെ ഡീൻ ഡോ. സി.എൻ. വിജയകുമാരി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് കത്ത് നൽകിയതോടെയാണ് സംഭവം വിവാദമായത്. കത്ത് ലഭിച്ചതിന് പിന്നാലെ വൈസ് ചാൻസലർ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു.
ഈ മാസം 15-ന് നടന്ന ഓപ്പൺ ഡിഫൻസിനിടെയായിരുന്നു സംഭവം. വിദ്യാർത്ഥിക്ക് ചോദ്യങ്ങൾക്കു മറുപടി നൽകാൻ കഴിഞ്ഞില്ലെന്നും, ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഡീൻ റിപ്പോർട്ടിൽ പറയുന്നു. ഓൺലൈനായി ചോദ്യം ചെയ്തവരെ വിദ്യാർത്ഥി ഫോൺ വഴി പുറത്താക്കുകയും വീണ്ടും ചോദ്യം ചെയ്യാനുള്ള അവസരം നിഷേധിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
“വിദ്യാർത്ഥിക്ക് വിഷയത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പ്രബന്ധം ഗവേഷണ പ്രബന്ധത്തിന്റെ സ്വഭാവത്തിലുള്ളതല്ല. ഒരു ചോദ്യത്തിനും മറുപടി നൽകാത്ത വിദ്യാർത്ഥി ഇംഗ്ലീഷിൽ തെറ്റില്ലാതെ പ്രബന്ധം എഴുതിയതിൽ ദുരൂഹതയുണ്ട്,” — ഡീൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘സദ്ഗുരു സർവസ്വം – ഒരു പഠനം’ എന്നതാണ് വിദ്യാർത്ഥിയുടെ പ്രബന്ധവിഷയം. ചട്ടമ്പിസ്വാമികളെ ആസ്പദമാക്കിയ ഗവേഷണമായിട്ടാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ റിസർച്ച് മെത്തഡോളജിയിലും കണ്ടെത്തലുകളിലും ഗുരുതരമായ പിഴവുകൾ ഉള്ളതിനാൽ, തിരുത്താതെ പി.എച്ച്.ഡി നൽകാൻ പാടില്ലെന്നും കത്തിൽ പറയുന്നു.
മൂല്യനിർണയ ബോർഡ് ചെയർമാൻ ഗവേഷണ ബിരുദം നൽകാമെന്ന് ശുപാർശ ചെയ്തെങ്കിലും ഡീന്റെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ നിർത്തിവെച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി സമിതിയും ആവശ്യപ്പെട്ടു.
ആരോപണങ്ങൾ വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നാണോ മറുവശത്തിന്റെ വാദം. “എന്നെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണമാണ് ഇത്,” എന്ന് വിപിൻ വിജയൻ പ്രതികരിച്ചു.
