കണ്ണൂർ: പാർട്ടിയിൽ നിന്ന് പുറത്താക്കിയ സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഐഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. പയ്യന്നൂരിൽ നടന്ന പരിപാടി സിപിഐഎമ്മിനെതിരായ ശക്തികൾ ചേർന്ന് സംഘടിപ്പിച്ചതാണെന്നും, ഇടതുപക്ഷ ലേബൽ അണിയുന്ന ചിലർ അതിൽ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ലക്ഷ്യം എന്താണെന്ന് സാധാരണ ജനങ്ങൾക്കുപോലും മനസ്സിലാകുന്ന കാര്യമാണെന്നും, ജോസഫ് സി. മാത്യൂവിന്റെ പ്രസംഗം കേട്ടപ്പോൾ പഴയ സിപിഐഎം നേതാവ് സംസാരിക്കുന്നതുപോലെ തോന്നിയെന്നും രാഗേഷ് പരിഹസിച്ചു. പാർട്ടിയെ ഉപദേശിച്ച് നന്നാക്കാൻ ആരും വരേണ്ടതില്ലെന്നും, അത്തരത്തിലുള്ള ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ടി.ഐ. മധുസൂധനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ളതാണെന്നും, മധുസൂധനനോടുള്ള പകയാണ് പുസ്തകത്തിൽ പ്രതിഫലിക്കുന്നതെന്നും രാഗേഷ് വിമർശിച്ചു. കെ.പി. മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത് കൂട്ടായ തീരുമാനം ആയിരുന്നുവെന്നും, 91 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന ആരോപണം കുഞ്ഞികൃഷ്ണന്റെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ മാധ്യമങ്ങളോട് പറയില്ലെന്നതാണ് താൻ പറഞ്ഞതെന്നും, ജനങ്ങളോട് പറയില്ലെന്നല്ലെന്നും രാഗേഷ് വിശദീകരിച്ചു. ഫണ്ട് പാർട്ടി അംഗങ്ങളിൽ നിന്നും സഹകരണ ജീവനക്കാരിൽ നിന്നുമാണ് പിരിച്ചതെന്നും, ബഹുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരവ്-ചെലവ് കണക്ക് ഏരിയാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതായും, ജില്ലാ സെക്രട്ടറി വിചാരിച്ചാൽ കണക്ക് മാറ്റി എഴുതാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമയബന്ധിതമായി കണക്ക് അവതരിപ്പിക്കാത്തതിനാലാണ് നടപടിയെടുത്തതെന്നും, അത് കുഞ്ഞികൃഷ്ണന് തൃപ്തിയായിരുന്നില്ലെന്നും രാഗേഷ് ആരോപിച്ചു. മധുസൂധനനെതിരെ പകപോക്കലാണ് പ്രധാന ഉദ്ദേശമെന്നും, പുസ്തകത്തിന് ‘പകയുടെ കണക്ക് പുസ്തകം’ എന്നാണ് പേരിടേണ്ടിയിരുന്നതെന്നും അദ്ദേഹം കടന്നാക്രമിച്ചു.
രക്തസാക്ഷി ഫണ്ട് താൽക്കാലികമായി ചെലവഴിച്ചിട്ടുണ്ടാകാമെങ്കിലും വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും, പാർട്ടിക്ക് തുക നഷ്ടപ്പെട്ടിട്ടില്ലെന്നും രാഗേഷ് വ്യക്തമാക്കി. പുസ്തകത്തിൽ പരാമർശിച്ച കണക്കുകൾ തെറ്റാണെന്നും, എല്ലാ രേഖകളും ജില്ലാകമ്മിറ്റിയുടെ കൈവശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
