‘ശ്രീധരൻ ഓഫീസ് തുടങ്ങിയതുകൊണ്ട് എന്ത് കാര്യം? പദ്ധതിക്ക് അനുമതി വേണ്ടേ? ശ്രീധരനാണോ പദ്ധതി ആരംഭിക്കേണ്ടത്?’

പത്തനംതിട്ട: അതിവേഗ റെയിൽ പദ്ധതിക്കായി മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് ആരംഭിച്ചതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് എന്നിരിക്കെ ഓഫീസ് തുടങ്ങിയിട്ട് കാര്യമില്ലെന്നും, പദ്ധതി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് മധ്യമേഖലാ ജാഥ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരൻ ആണോ പദ്ധതി ആരംഭിക്കേണ്ടതെന്ന് ചോദിച്ച മുഖ്യമന്ത്രി, ബജറ്റിൽ അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ മാറ്റിനിർത്തിയെന്നും വിമർശിച്ചു. കേരളത്തിന് അർഹതപ്പെട്ടത് നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് എംഎൽഎ ഓഫീസ് തുറന്ന സംഭവവും മുഖ്യമന്ത്രി പരാമർശിച്ചു. സ്ഥാനാർഥി ഓഫീസ് അല്ല, എംഎൽഎ ഓഫീസ് തന്നെയാണെന്ന് പ്രഖ്യാപിച്ച് അദ്ദേഹം തുടങ്ങിയത് എല്ലാവരും കണ്ടതാണെന്നും, കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് വരെ പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ശ്രീധരനെ ഇകഴ്ത്തിക്കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിവേഗ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പോസിറ്റീവ് നിലപാട് ഒന്നും ഉണ്ടായിട്ടില്ലെന്നും, പാർലമെന്റിൽ റെയിൽവേ മന്ത്രി പോലും കൃത്യമായ മറുപടി നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ടപ്പോഴാണ് അത്തരമൊരു പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.വി. തോമസിനെയും കൂട്ടിയാണ് റെയിൽവേ മന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലൂടെയുള്ള ട്രെയിൻ യാത്രയിൽ വലിയ സമയം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അതിവേഗ റെയിൽ സംസ്ഥാനത്തിന് ആവശ്യമായ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റെയിൽ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിലർ ഒരു പദ്ധതിയും വരാൻ പാടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജാഥ ഉദ്‌ഘാടനം ചെയ്യുന്നതിനിടെ പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം അഴിച്ചുവിട്ടു. ശബരിമല സ്വർണ്ണക്കൊള്ള വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും, നുണപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പോറ്റിയെ ശബരിമലയിലേക്ക് കയറ്റിയത് എൽഡിഎഫും ദേവസ്വം ബോർഡുമാണെന്ന പ്രചരണം തെറ്റാണെന്നും, 2004-ലാണ് പോറ്റി കയറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് കോൺഗ്രസ് നേതാവായിരുന്നു ദേവസ്വം മന്ത്രിയെന്നും, അതുകൊണ്ടാണ് ഈ വിഷയത്തിൽ ചർച്ചയിൽ നിന്ന് യുഡിഎഫ് ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ ബദൽ അയ്യപ്പ സംഗമം പരാജയപ്പെട്ടുവെന്നും, യഥാർത്ഥ ഭക്തർ പിന്തുണച്ചത് ആഗോള അയ്യപ്പ സംഗമത്തെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

malayalampulse

malayalampulse