കൊച്ചി: പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും അറിയിച്ചു. 2024 മുതല്‍ ഒരാളില്‍ നിന്ന് നിരന്തരം മെസ്സേജുകളും പിന്തുടരലും ഉണ്ടായിരുന്നുവെന്നും, അടുത്തിടെ ഒരു റിസോര്‍ട്ടില്‍ പ്രമോഷന്‍ പരിപാടിക്കെത്തിയപ്പോഴും ഇയാള്‍ അവിടെ എത്തിയത് ആശങ്കയുണ്ടാക്കിയതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും ഇരുവരും സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
തങ്ങളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇനി കാര്യങ്ങള്‍ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ഇരുവരും പറഞ്ഞു.
2024 മുതല്‍ തന്നെ ഇയാള്‍ മെസ്സേജുകള്‍ അയച്ച് ശല്യം ചെയ്തിരുന്നുവെന്നും, രണ്ടുപേരെയും ഒരുമിച്ച് വിവാഹം കഴിക്കാമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നതെന്നും ആദില-നൂറ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പലരില്‍ നിന്നും ലഭിച്ചിരുന്ന സാഹചര്യത്തില്‍ ആദ്യം ഇയാളെ ഗൗനിച്ചില്ലെന്നും പിന്നീട് വിവിധ ഇടങ്ങളില്‍ എത്തി തങ്ങളെക്കുറിച്ച് അന്വേഷിച്ചതായും ഇരുവരും പറയുന്നു.
ഇയാളുടെ ഫോട്ടോയും മറ്റ് വിവരങ്ങളും മുന്‍പ് ലഭിച്ചിരുന്നെങ്കിലും പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെ ബിഗ് ബോസ് ഷോയിലേക്ക് വിളി ലഭിച്ചതിനാല്‍ അത് നീണ്ടുപോയെന്നും ഇരുവരും വിശദീകരിച്ചു. ഷോ കഴിഞ്ഞ ശേഷം ഒരു ഫാന്‍ മീറ്റപ്പിലും ഇയാള്‍ എത്തിയിരുന്നുവെന്നും, ഇപ്പോള്‍ പ്രമോഷന്‍ പരിപാടിക്കായി എത്തിയ റിസോര്‍ട്ടിലേക്കും പിന്തുടര്‍ന്നെത്തിയതോടെ പൊലീസില്‍ പരാതി നല്‍കിയതായും വ്യക്തമാക്കി.
നിലവില്‍ നിയമം ശക്തമാണെന്നും എല്ലാവരും പരസ്പരം ബഹുമാനത്തോടെ പെരുമാറണമെന്നും ആദിലയും നൂറയും പ്രതികരിച്ചു.
