കിണറ്റിൽ വീണ നാലുവയസ്സുകാരനെ രക്ഷിച്ച് പൊലീസ്; ധീര ഇടപെടലിന് അഭിനന്ദനം

കൊച്ചി: കിണറ്റിൽ വീണ നാലുവയസ്സുകാരനെ സമയോചിതമായി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ. പേഴയ്ക്കാപ്പിള്ളി പൂഞ്ചേരി സ്വദേശി ഷിഹാബിന്റെ നാല് വയസുള്ള മകൻ മുഹമ്മദ് സയാൻ ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു കേസിന്റെ അന്വേഷണത്തിനായി സ്ഥലത്തെത്തിയ മൂവാറ്റുപുഴ എസ്ഐ അതുൽ പ്രേം ഉണ്ണിയും സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരുമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വീട്ടുവളപ്പിൽ കളിക്കുമ്പോൾ പൊക്കം കുറഞ്ഞ ചുറ്റുമതിലുള്ള നെറ്റുകൊണ്ട് മറച്ച കിണറ്റിലേക്കാണ് കുട്ടി വീണത്. സമീപത്ത് മറ്റൊരു കേസിന്റെ അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘം വീട്ടുകാരുടെ നിലവിളി കേട്ട് വാഹനം നിർത്തി ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.

വിവരമറിഞ്ഞതോടെ എസ്ഐ അതുൽ പ്രേം ഉണ്ണി കിണറ്റിലേക്കിറങ്ങി കുഞ്ഞിനെ പുറത്തേക്ക് എടുത്തു. ബോധം നഷ്ടപ്പെട്ട നിലയിലായിരുന്ന കുട്ടിക്ക് കിണറ്റിൽവെച്ച് തന്നെ എസ്ഐ അതുലും സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും ചേർന്ന് അടിയന്തര ശുശ്രൂഷ നൽകി. ഒപ്പമുണ്ടായിരുന്ന എഎസ്ഐ കെ.എസ്. ഷിനു നാട്ടുകാരെ വിളിച്ച് കയറും ഗോവണിയും എത്തിക്കാൻ നേതൃത്വം നൽകി.

രക്ഷപ്പെടുത്തിയ ഉടൻ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ധീരമായ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.

malayalampulse

malayalampulse