കോട്ടയം-ചിങ്ങവനം റെയിൽവേ അറ്റകുറ്റപ്പണി; ഒക്ടോബർ 11, 12 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒക്ടോബർ 11, 12 തീയതികളിലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.
അറ്റകുറ്റപ്പണിയുടെ ഭാഗമായി ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചില സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്യും.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ:
16319 തിരുവനന്തപുരം നോർത്ത്–എസ്എംവിറ്റി ബംഗളൂരു ഹംസഫർ എക്സ്പ്രസ് ആലപ്പുഴ വഴി ഓടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ സ്റ്റോപ്പുകൾ ഉണ്ടാകും. 22503 കന്യാകുമാരി–ദിബ്രുഗഢ് വിവേക് എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ സ്റ്റോപ്പുകൾ ഉണ്ടാകും. 16343 തിരുവനന്തപുരം സെൻട്രൽ–മധുര അമൃത എക്സ്പ്രസ് ആലപ്പുഴ വഴിയാകും ഓടുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ സ്റ്റോപ്പുകൾ ഉണ്ടാകും. 16347 തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം സ്റ്റോപ്പുകൾ ഉണ്ടാകും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:
ഒക്ടോബർ 11-ലെ 16327 മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലം–ഗുരുവായൂർ സെക്ഷനിൽ റദ്ദാക്കി. സർവീസ് കൊല്ലത്ത് അവസാനിക്കും. ഒക്ടോബർ 12-ലെ 16328 ഗുരുവായൂർ–മധുര എക്സ്പ്രസ് ഗുരുവായൂർ–കൊല്ലം സെക്ഷനിൽ റദ്ദാക്കി. ഉച്ചയ്ക്ക് 12.10ന് കൊല്ലത്തിൽ നിന്ന് സർവീസ് ആരംഭിക്കും. ഒക്ടോബർ 11-ലെ 16326 കോട്ടയം–നിലമ്പൂർ എക്സ്പ്രസ് കോട്ടയം–ഏറ്റുമാനൂർ ഇടയിൽ റദ്ദാക്കി. ട്രെയിൻ ഏറ്റുമാനൂരിൽ നിന്ന് രാവിലെ 05.27ന് പുറപ്പെടും.
യാത്രക്കാർ സർവീസ് മാറ്റങ്ങൾ മുൻകൂട്ടി പരിശോധിച്ച് യാത്രാ പദ്ധതി തയ്യാറാക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
