കാന്താര അന്ധവിശ്വാസങ്ങളെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നവരോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി

ബെംഗളൂരു: ഒക്ടോബർ രണ്ടിന് റിലീസ് ചെയ്ത ‘കാന്താര: ചാപ്റ്റർ 1’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 256 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയ ചിത്രം, 2022-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കാന്താരയുടെ പ്രീക്വലാണ്. ദക്ഷിണ കര്‍ണാടകത്തിലെ പരമ്പരാഗത അനുഷ്ഠാനകലമായ ഭൂതക്കോലയും അതിനോടനുബന്ധിച്ചുള്ള കഥയുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക്, സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഇപ്പോൾ മറുപടിയുമായി.

“അത്തരം വിമര്‍ശനങ്ങള്‍ എന്തായാലും വരും. വിശ്വാസമുള്ളവര്‍ക്ക് ഈ സിനിമ പോസിറ്റീവായും, വിശ്വാസമില്ലാത്തവര്‍ക്ക് നെഗറ്റീവായും തോന്നാം. പക്ഷാപാതപരമായി ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ വിശ്വാസമെന്താണോ അതില്‍ ഞാന്‍ അടിയുറച്ച് നില്‍ക്കുന്നു. ദൈവവും ദേവസ്ഥാനം പോലുള്ള കാര്യങ്ങളും എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്,” — ഋഷഭ് ഷെട്ടി പറഞ്ഞു.

“എല്ലാ കാലത്തും ഒരു എനര്‍ജി നമ്മളെ കാത്തുസൂക്ഷിക്കുന്നു എന്നതാണ് എന്റെ വിശ്വാസം. അതിനെ ഓരോരുത്തരും തങ്ങളുടെ രീതിയിൽ കാണും. വിശ്വാസമില്ലായ്മയും ഒരുതരത്തില്‍ വിശ്വാസം തന്നെയാണ്.”

ഏകദേശം 125 കോടി ബജറ്റിൽ ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന് മൂന്ന് വര്‍ഷത്തോളം സമയമാണ് എടുത്തത്. റിലീസിനുശേഷം ചിത്രം ദേശീയതലത്തിൽ മികച്ച പ്രതികരണമാണ് നേടുന്നത്.

malayalampulse

malayalampulse