കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി.
ലാത്തിച്ചാർജിനിടെ കോൺഗ്രസ് എംപി ഷാഫി പറമ്പിലിനും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഷാഫിയുടെ മുക്കിനാണ് പരിക്ക് പറ്റിയത്. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്ക് പറ്റിയതായി റിപ്പോർട്ട്ണ്ട്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സിപിഎം, യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ഇടപെടൽ ശക്തമാക്കിയത്. സികെജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് ഈ കലാപത്തിന് അടിസ്ഥാനം. ഇന്നലെ ഉണ്ടായ സംഘർഷത്തെ തുടർന്ന് കോൺഗ്രസ് പേരാമ്പ്ര ടൗണിൽ ഹർത്താൽ ആചരിച്ചിരുന്നു.
പൊലീസ് ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് മർദിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ രംഗത്തെത്തി.
“സിപിഎം പ്രവർത്തകർ ആയുധവുമായി നിൽക്കുന്നുണ്ടെന്നറിയിച്ചപ്പോൾ യുഡിഎഫ് പ്രതിഷേധം ഡിവൈഎസ്പി തടഞ്ഞു. പ്രവർത്തകരെ ശാന്തരാക്കാനാണ് എംപിയും ഞാനും എത്തിയതെന്ന്” പ്രവീൺ കുമാർ പറഞ്ഞു.
പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു. പോലീസ് അധികസേനയെ വിന്യസിച്ചിട്ടുണ്ട്.
