ഇടതു മുന്നണി വിടേണ്ടെന്ന് ആർജെഡി

ആറ് നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ തീരുമാനം

തിരുവനന്തപുരം: ഇടതു ജനാധിപത്യ മുന്നണി വിടേണ്ടെന്നും എൽഡിഎഫിന്റെ ഭാഗമായി തുടരണമെന്നും ആർജെഡി തീരുമാനം. മുന്നണി മാറ്റം വേണ്ടെന്ന നിലപാടാണ് നിലവിൽ പാർട്ടി സ്വീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകൾക്ക് പുറമെ മൂന്ന് സീറ്റുകൾ കൂടി ആവശ്യപ്പെടാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.

കോവളം, ചാലക്കുടി, എലത്തൂർ അല്ലെങ്കിൽ കുന്ദമംഗലം എന്നീ സീറ്റുകളിലാണ് ആർജെഡി പ്രധാനമായി കണ്ണ് വെച്ചിരിക്കുന്നത്. മുന്നണിയുടെ ഉഭയകക്ഷി ചർച്ചയിൽ ആറ് സീറ്റുകളുടെ ആവശ്യം ആർജെഡി മുന്നോട്ടുവയ്ക്കും. ഇതിൽ ഒന്നോ രണ്ടോ സീറ്റുകൾ അധികമായി ലഭിക്കുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ്, കൽപറ്റ, വടകര സീറ്റുകളിലാണ് ആർജെഡി മത്സരിച്ചത്. കൂത്തുപറമ്പിൽ വിജയിച്ചെങ്കിലും കൽപറ്റയിലും വടകരയിലും പാർട്ടി പരാജയപ്പെട്ടു. കൽപറ്റയിൽ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. മുൻമന്ത്രി കെ.പി. മോഹനൻ വിജയിച്ചിട്ടും മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതും ലോക്സഭാ സീറ്റ് അനുവദിക്കാതിരുന്നതും ചൂണ്ടിക്കാട്ടി ചില ജില്ലാ കമ്മിറ്റികൾ എൽഡിഎഫ് വിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാൽ, മുന്നണി മാറിമാറി ചാടുന്നത് പാർട്ടിക്ക് ദുഷ്പേരുണ്ടാക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇത്തരം തീരുമാനങ്ങൾ രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തിയതോടെയാണ് മുന്നണി മാറ്റം ഉപേക്ഷിച്ചത്. അതേസമയം, നിലവിൽ മത്സരിച്ച ചില സീറ്റുകൾ വച്ചുമാറുന്നതിനൊപ്പം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനും നേതൃത്വം തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിൽ കോവളം, കാട്ടാക്കട, നെയ്യാറ്റിൻകര സീറ്റുകളിലൊന്ന് ആവശ്യപ്പെടാനാണ് നീക്കം. കാട്ടാക്കടയും നെയ്യാറ്റിൻകരയും സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. തിരുവനന്തപുരത്ത് യുഡിഎഫ് ജയിച്ച ഏക സീറ്റായ കോവളമാണ് ആർജെഡിയുടെ പ്രധാന ലക്ഷ്യം. ജനതാദളിൽ നിന്ന് മുൻമന്ത്രി നീലലോഹിതദാസൻ നാടാരും ജമീല പ്രകാശും ആർജെഡിയിൽ ചേർന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്. എന്നാൽ, ഇരുവരെയും സ്ഥാനാർഥികളാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതയുണ്ട്.

തൃശൂർ ജില്ലയിലെ ചാലക്കുടിയിലും ആർജെഡി അവകാശവാദം ഉന്നയിക്കുന്നു. അവിഭക്ത ജനതാദളിന്റെ ഭാഗമായി നാല് തവണ വിജയിച്ച സീറ്റാണെന്നതാണ് ചാലക്കുടിയിലെ അവകാശവാദത്തിന് കാരണം. കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യവും ആർജെഡി മുന്നോട്ടുവയ്ക്കും. എലത്തൂർ, കുന്ദമംഗലം, പേരാമ്പ്ര സീറ്റുകളിലൊന്നാണ് ലക്ഷ്യം.

വടകരയുമായി സീറ്റ് വച്ചുമാറുന്നതും ആർജെഡി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 54 സീറ്റുകൾ ആർജെഡി നേടിയതും അവകാശവാദത്തിന് ശക്തിയേകുന്നുണ്ട്. മൂന്ന് സീറ്റുകൾ അധികമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഒരു സീറ്റ് എങ്കിലും എൽഡിഎഫ് അനുവദിക്കുമെന്നാണ് ആർജെഡി നേതൃത്വത്തിന്റെ പ്രതീക്ഷ.

malayalampulse

malayalampulse