തിരുവനന്തപുരം: വിദ്യാർഥികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ആസക്തി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണം പരിഗണനയിൽ കൊണ്ടുവന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിഷയത്തെ പഠിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 13ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 15 വർഷത്തിന് ശേഷം പ്ലസ് വൺ ക്ലാസുകൾക്കായി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടുത്ത വർഷം മുതൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ യൂണിഫോം വിതരണത്തിന് കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെങ്കിലും സംസ്ഥാനം തന്നെ ചെലവ് വഹിച്ച് വിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. “കുട്ടികളുടെ കാര്യമാണ്, നമുക്ക് ചെയ്യാതിരിക്കാനാവില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. യൂണിഫോം വിതരണത്തിനായി കേന്ദ്രം നൽകാനുണ്ടായിരുന്ന 1166 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.
വി. സച്ചിദാനന്ദന്റെ വിമർശനത്തെ കുറിച്ച് പ്രതികരിച്ച മന്ത്രി, ഇത്തരം പ്രസ്താവനകൾ ജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് പറഞ്ഞു. ഇടതുപക്ഷത്തെ വിമർശിക്കുമ്പോൾ അതിന്റെ ഗുണം ആര്ക്കാണെന്നത് ആലോചിക്കണമെന്നും, ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചത് കേരളം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
