മലമ്പുഴ അച്ഛന് വൈകാരിക ബന്ധമുള്ള സ്ഥലം; സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കും: വി എ അരുണ്‍ കുമാര്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ മകന്‍ വി എ അരുണ്‍ കുമാര്‍ പറഞ്ഞു. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണെന്നും തെരഞ്ഞെടുപ്പിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലമ്പുഴ അച്ഛന് ഏറെ വൈകാരിക ബന്ധമുള്ള സ്ഥലമാണെന്നും പാര്‍ട്ടി പറയുന്നതാണ് പ്രധാനമെന്നും അരുണ്‍ കുമാര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വി എസ് അച്യുതാനന്ദന്റെ മുന്‍ പി.എ. ആയിരുന്ന എ സുരേഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, അതിനെ കുറിച്ച് അറിവില്ലെന്നായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം. മത്സരിക്കണോ വേണ്ടയോ എന്നത് സുരേഷിന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയില്‍ മത്സരിക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ സിപിഐഎം പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. പാലക്കാട് ജില്ലാ നേതൃത്വത്തിന് ഇതില്‍ എതിര്‍പ്പില്ലെന്നായിരുന്നു വിവരം. ഇതുസംബന്ധിച്ച ചോദ്യത്തിനാണ് സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് അരുണ്‍ കുമാര്‍ ആവര്‍ത്തിച്ചത്.

സിപിഐഎമ്മിനോട് കടുത്ത എതിര്‍പ്പിലാണ് എ സുരേഷ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ സുരേഷ് പങ്കെടുത്തിരുന്നു. പാലക്കാട് എത്തിയ യാത്രയില്‍ വി ഡി സതീശന്‍ തന്നെയാണ് സുരേഷിനെ ഷോള്‍ അണിയിച്ച് സ്വീകരിച്ചത്. സദസിനെ അഭിസംബോധന ചെയ്ത സുരേഷ്, ഇടതുപക്ഷം ഇടതുപക്ഷമല്ലാതായെന്ന് വിമര്‍ശിച്ചു. വി എസിന് നല്‍കിയ ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2013ല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് സുരേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു. പിന്നീട് തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന് ചോദിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് സുരേഷ് തുറന്ന കത്ത് നല്‍കിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ തിക്താനുഭവങ്ങള്‍ ഉണ്ടായെന്നും എങ്കിലും പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചുവെന്നും സുരേഷ് കത്തില്‍ വ്യക്തമാക്കിയിരുന്നു.

malayalampulse

malayalampulse