കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ എം.കെ മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടലിനെത്തുടർന്നാണെന്ന് സിപിഎം നേതാവ് എളമരം കരീം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയോടുള്ള ആശയപരമായ വിയോജിപ്പ് മുനീർ തുറന്ന് പ്രകടിപ്പിച്ചതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മുനീറിനെ മത്സരിപ്പിക്കാത്തത് ആരോഗ്യ പ്രശ്നങ്ങളാണെന്ന വാദത്തിൽ കഴമ്പില്ലെന്നും എളമരം കരീം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി “പൊളിറ്റിക്കൽ ഇസ്ലാമിന്റെ പാർട്ടി” ആണെന്നും, മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് അവർ പിന്തുടരുന്നതെന്നും ആർ.എസ്.എസ് പോലെ തന്നെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് എം.കെ മുനീർ രംഗത്തെത്തി. മുസ്ലിം ലീഗ് ആരുടേയെങ്കിലും നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന സംഘടനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ജമാഅത്തെ ഇസ്ലാമി വിചാരിച്ചാൽ തന്നെ മാറ്റിനിർത്താൻ കഴിയില്ല. ലീഗ് അവരുടെ പിടിയിലല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ആരുടേയെങ്കിലും ഇംഗിതത്തിന് അനുസരിച്ചല്ല,” എന്നാണ് മുനീറിന്റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമി മുന്നണിയുടെ ഭാഗമല്ലെന്നും, അവർക്ക് ആരെയും പിന്തുണയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ചൊല്ലി ലീഗും സിപിഎമ്മും തമ്മിലുള്ള വാക്‌പോര് ശക്തമാകുകയാണ്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ ആരോപണത്തിനും ലീഗ് നേതാക്കൾ മറുപടിയുമായി രംഗത്തെത്തി.
എ.കെ ബാലന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, “ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണ്” എന്നും പി.എം.എ സലാം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടുള്ള വിഭ്രാന്തിയാണ് ഇത്തരം ആരോപണങ്ങൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ഇതേ വിഷയത്തിൽ കെ.എം ഷാജിയും എ.കെ ബാലനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് ഇത്തരം പ്രസ്താവനകളെന്നും, വേങ്ങരയിൽ എത്തി എസ്.ഡി.പി.ഐയെ വിമർശിക്കാൻ ബാലൻ തയ്യാറാകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
