ദില്ലി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി 8.3 കോടി രൂപ ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ കെ.എ. പോൾ നൽകിയ പോസ്റ്റിനെയാണ് മന്ത്രാലയം നിഷേധിച്ചത്. ‘Save Nimisha Priya’ പ്രവർത്തനത്തിന്റെ പേരിൽ പണം ശേഖരിക്കുന്നുവെന്ന പ്രചാരണം യാഥാർഥ്യമില്ലെന്നും, ഇത്തരത്തിലുള്ള പോസ്റ്റുകൾ വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. അടിയന്തര സാഹചര്യം ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും നിർദേശം നൽകി.
വധശിക്ഷയുടെ തീയതി മാറ്റിയ കാര്യം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യെമനിലേക്ക് യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നേരത്തെ നിഷേധിച്ചിരുന്നു.
അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. പുതിയ വധശിക്ഷാ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായും, മധ്യസ്ഥ ശ്രമങ്ങൾ ഒന്നും അംഗീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
