ശ്വാസംമുട്ടി ഡൽഹി, നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും മാറ്റമില്ലാത തുടരുന്നു

ന്യൂഡൽഹി: കർശന മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടും ഡൽഹിയുടെ വായു നിലവാരം മോശമായി തുടരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു. വായു മലിനീകരണം വഷളായതോടെ നഗരത്തിലുടനീളം ദൃശ്യപരത കുറഞ്ഞു. വായു ഗുണനിലവാര സൂചികയിൽ 24 മണിക്കൂറിനുള്ളിൽ ശരാശരി രേഖപ്പെടുത്തിയത് 373 എക്യുഐ ആണ്. വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച ഇത് 334 എക്യുഐ ആയിരുന്നു. 

നഗരത്തിലെ 40 നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 15 ഇടങ്ങളിൽ വായു ഗുണനിലവാരം ‘ഗുരുതര’ വിഭാ​ഗത്തിലാണ്. ആനന്ദ് വിഹാറിലാണ് ( 441 ) ഏറ്റവും ഉയർന്ന വായുമലിനീകരണ തോത് രേഖപ്പെടുത്തിയത്. അതീവ ​ഗുരുതരവിഭാ​ഗത്തിലാണ് പ്രദേശമുള്ളത്. 24 സ്റ്റേഷനുകളിൽ ‘വളരെ മോശം’ വായു നിലവാരവും രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീർ(SAMEER) ആപ്പിലെ കണക്കുകൾ ഇത് വ്യക്തമാക്കുന്നു. 

ഗതാഗതം, ഡൽഹിയിലെയും അതിന്റെ അനുബന്ധ പ്രദേശങ്ങളിലെയും വ്യവസായങ്ങൾ, പാർപ്പിട സ്രോതസ്സുകൾ,നിർമ്മാണ പ്രവർത്തനങ്ങൾ, മാലിന്യം കത്തിക്കൽ, ഡൽഹിയിലെ വൈദ്യുതി ഉൽപാദനം എന്നീ ഘടകങ്ങൾ വായു​ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. ഡൽഹിയിലെ വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം അനുസരിച്ച്, വെള്ളിയാഴ്ചയും ശനിയാഴ്ചയും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽ തുടരാനും ഞായറാഴ്ച ‘ഗുരുതര’മായി മാറാനും സാധ്യതയുണ്ട്.

0 നും 50 നും ഇടയിലുള്ള ഒരു AQI ‘നല്ലത്’, 51 മുതൽ 100 ​​വരെ ‘തൃപ്തികരം’, 101 മുതൽ 200 വരെ ‘മിതമായത്’, 201 മുതൽ 300 വരെ ‘മോശം’, 301 മുതൽ 400 വരെ ‘വളരെ മോശം’, 401 മുതൽ 500 വരെ ‘ഗുരുതരം’ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

malayalampulse

malayalampulse