എറണാകുളം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനായി പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തില്‍ എത്തി. എല്‍ഡിഎഫും യുഡിഎഫും സനാതന ധര്‍മ വിരോധികളാണെന്ന് അദ്ദേഹം ആരോപിച്ചു. രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് പോലെ തന്നെ ശബരിമലയിലും സമാനമായ സമീപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നും, അതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും നിതിന്‍ നബിന്‍ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാണുമ്പോള്‍ ഭാവിയില്‍ ബിജെപി ഇവിടെ അധികാരത്തിലെത്തുമെന്ന് വിശ്വാസമുണ്ടെന്നും, ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയതുപോലെ കേരളത്തിലും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മത്തെ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്യാന്‍ പോലും തയ്യാറാണെന്നും, അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തിയത് ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്നും, പ്രതിവര്‍ഷം ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നതിന് സംസ്ഥാനത്തെ മാറിമാറി വന്ന സര്‍ക്കാരുകളാണ് ഉത്തരവാദികളെന്നും നിതിന്‍ നബിന്‍ വിമര്‍ശിച്ചു. പുതിയ നേതൃത്വത്തോടെ കേരളത്തെ വികസിത സംസ്ഥാനമാക്കുമെന്ന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
