കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ച വമ്പൻ തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ നുംഖോർ പരിശോധനയിൽ 36 വാഹനങ്ങൾ പിടികൂടിയതായി കസ്റ്റംസ് കമ്മീഷണർ ടിജു തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ എത്തിച്ചത്. ഇന്ത്യൻ ആർമി, ഇന്ത്യൻ എംബസി, അമേരിക്കൻ എംബസി തുടങ്ങിയവയുടെ പേരിൽ രജിസ്ട്രേഷൻ നടത്തി വാഹനങ്ങൾ സംസ്ഥാനത്ത് എത്തിച്ചതായാണ് കണ്ടെത്തൽ.
❗ ദേശീയ സുരക്ഷയ്ക്കും ഭീഷണി
പരിവാഹൻ വെബ്സൈറ്റിൽ വരെ വ്യാജ രേഖകൾ കയറ്റി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കസ്റ്റംസ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായ രീതിയിലാണ് ഈ ഇടപാടുകൾ നടന്നതെന്ന് ടിജു തോമസ് പറഞ്ഞു. വാഹനങ്ങളുടെ വിൽപ്പന നിയമവിരുദ്ധമായി നടന്നിട്ടുണ്ട്. ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെ നിരവധി കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
🎬 ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളാണ് പിടിയിലായത്.
നടൻ ദുൽഖർ സൽമാൻ്റെ രണ്ട് വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഒരെണ്ണം ഇതിനകം കസ്റ്റംസ് യാർഡിലേക്ക് മാറ്റി. മറ്റൊരു വാഹനം റോഡ് ഫിറ്റ്നസ് ഇല്ലാത്തതിനാൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. നടൻ അമിത് ചക്കാലക്കൽ ഉൾപ്പെടെ നിരവധി പ്രമുഖർക്കും നോട്ടീസ് അയക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് നേരിട്ട് ഹാജരാകേണ്ടതുണ്ട്. പിഴ അടച്ച് കേസ് തീർക്കാൻ സാധിക്കില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവം ആശ്രയിച്ച് അറസ്റ്റും തടവും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
🚫 നിയമലംഘനത്തിന്റെ ഗൗരവം
വിദേശത്തുനിന്ന് യൂസ്ഡ് കാർ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. നിയമലംഘനം നടന്നതായി തെളിഞ്ഞതിനാലാണ് 36 വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.
