ഓപ്പറേഷൻ റൈഡർ പരിശോധനയിൽ കെഎസ്ആർടിസി ബസ്, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ എന്നിവ പിടിച്ചെടുത്തു
കൊല്ലം: ഓപ്പറേഷൻ റൈഡർ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് 17 ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായി. കെഎസ്ആർടിസി ബസുകളും, സ്വകാര്യ ബസുകളും, സ്കൂൾ ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പിടികൂടിയത്.
രാവിലെ 6.30 മുതൽ 8.30 വരെയായി നടന്ന രണ്ട് മണിക്കൂർ പരിശോധനയിലാണ് വാഹനങ്ങൾ പിടിയിലായത്. ഒരു കെഎസ്ആർടിസി ബസും, 10 സ്വകാര്യ ബസുകളും, 5 സ്കൂൾ ബസുകളും, തൊഴിലാളികളെ കോൺട്രാക്ട് വ്യവസ്ഥയിൽ കൊണ്ടുപോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം വരെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസും, നഗരത്തിലെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്ന് ബസുകളും, കോളേജിലേക്ക് പോയ രണ്ടു ബസുകളും, വിവിധ ഇടങ്ങളിലേക്ക് സർവീസ് ചെയ്ത 10 സ്വകാര്യ ബസുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ നൽകിയ നിർദേശാനുസരിച്ചായിരുന്നു മിന്നൽ പരിശോധന. കൊല്ലം എസിപി എസ്. ഷെരീഫ്, കൊല്ലം വെസ്റ്റ് സിഐ ഫയാസ്, ഈസ്റ്റ് എസ്ഐ വിപിൻ, കിളിക്കൊല്ലൂർ എസ്.ഐ ശ്രീജിത്ത്, ഇരവിപുരം എസ്.ഐ ജയേഷ്, ജൂനിയർ എസ്.ഐ സബിത എന്നിവർ നേതൃത്വം നൽകി.
പരിശോധന ചിന്നക്കട, താലുക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു.
എന്നാൽ പരിശോധനയെക്കുറിച്ചുള്ള വിവരം ഡ്രൈവർമാർ തമ്മിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ വഴി കൈമാറിയതിനെ തുടർന്ന് ചില ബസുകൾ സർവീസ് മധ്യേ തന്നെ നിർത്തിവെച്ചുവെന്ന പരാതിയും ഉയർന്നു.
