പാലാ നഗരസഭയുടെ ഭരണം ഇനി യുവത്വത്തിന്റെ കൈകളിൽ. 21 വയസുകാരിയായ ദിയ ബിനു പുളിക്കകണ്ടം പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി ചുമതലയേറ്റു. നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ദിയ അധ്യക്ഷ സ്ഥാനത്തെത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന ചരിത്ര നേട്ടവും ദിയ സ്വന്തമാക്കി.
അടിസ്ഥാന വികസനത്തിന് മുൻഗണന നൽകുന്ന വ്യക്തമായ മാർഗരേഖകളോടെയാണ് ചുമതല ഏറ്റെടുക്കുന്നതെന്ന് ദിയ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയോട് പറഞ്ഞു. യുവത്വത്തിന് നൽകിയ വിശ്വാസത്തിന് ദീർഘവീക്ഷണമുള്ള വികസന കാഴ്ചപ്പാടുകളാണ് തന്റെ മറുപടിയെന്നും ദിയ വ്യക്തമാക്കി.
അച്ഛൻ ബിനു പുളിക്കകണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും വഴിതെളിച്ച രാഷ്ട്രീയ പാതയിലൂടെയാണ് ദിയയുടെ മുന്നേറ്റം. 2023-ൽ ജോസ് കെ. മാണി അപ്രതീക്ഷിതമായി ബിനു പുളിക്കകണ്ടത്തെ നഗരസഭ അധ്യക്ഷ സ്ഥാനത്തിൽ നിന്ന് മാറ്റിയതിന്റെ രാഷ്ട്രീയ തിരിച്ചുവരവായും മകളുടെ വിജയം വിലയിരുത്തപ്പെടുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേർ സ്വതന്ത്രരായി മത്സരിച്ചതിനെതിരായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഉള്ള ശക്തമായ മറുപടിയാണിത്.
സ്വതന്ത്രയായി മത്സരിക്കണമെന്ന അച്ഛൻ ബിനു പുളിക്കകണ്ടത്തിന്റെ നിർദ്ദേശം ഒരു മടിയുമില്ലാതെ സ്വീകരിച്ചാണ് ബി.എ. ഇക്കണോമിക്സ് ബിരുദധാരിയായ ദിയ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പതിനഞ്ചാം വാർഡിൽ 131 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിയ വിജയിച്ചത്.
ദിയ ചെയർപേഴ്സൺ ആയ നഗരസഭ കൗൺസിലിൽ അച്ഛൻ ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും അംഗങ്ങളാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നാണ് ദിയ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെയർപേഴ്സൺ സ്ഥാനത്തിരിക്കെ തന്നെ തുടർവിദ്യാഭ്യാസം തുടരാനാണ് ദിയയുടെ തീരുമാനം.
എൽഡിഎഫ് ശ്രമം പാളി
ഭരണം പിടിക്കാനായി മന്ത്രി വി.എൻ. വാസവന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥിന്റെയും നേതൃത്വത്തിൽ എൽഡിഎഫ് നടത്തിയ തീവ്രശ്രമങ്ങൾ ഫലം കണ്ടില്ല. പുളിക്കകണ്ടം കുടുംബവുമായി നേരിട്ട് ചർച്ചകൾ നടത്തിയെങ്കിലും അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ധാരണയിലെത്താനായില്ല.
26 അംഗ നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.
എൽഡിഎഫ് – 12 സീറ്റുകൾ
യുഡിഎഫ് – 10 സീറ്റുകൾ
സ്വതന്ത്രർ – 4 സീറ്റുകൾ (ഇതിൽ 3 പേർ പുളിക്കകണ്ടം കുടുംബാംഗങ്ങൾ, ഒരാൾ കോൺഗ്രസ് വിമതൻ)
കോൺഗ്രസ് വിമതനായ രാഹുലും പുളിക്കകണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണത്തിനാവശ്യമായ അംഗബലം യുഡിഎഫിന് ലഭിച്ചത്. ഇതോടെ പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന സാഹചര്യവും രൂപപ്പെട്ടു.
