കിരീടമണിയിച്ച് കോൺഗ്രസ്; വോട്ട് ചെയ്ത് ലാലി ജെയിംസ് — വിവാദങ്ങൾക്കിടെ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ

തൃശൂർ: കടുത്ത വിവാദങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഡോ. നിജി ജസ്റ്റിൻ തൃശൂർ നഗരസഭയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിച്ചുമാണ് നിജി ജസ്റ്റിനെ സ്വീകരിച്ചത്. തുടർന്ന് മേയർ കോട്ടയും അണിയിച്ചു.

35 വോട്ടുകളുടെ പിന്തുണയോടെയാണ് നിജി ജസ്റ്റിൻ വിജയം നേടിയത്. രാവിലെ മുതൽ തുടരുന്ന രാഷ്ട്രീയ നീക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് മേയർ സ്ഥാനാരോഹണം നടന്നത്. കോൺഗ്രസ് മൂന്ന് പേരുകളെയാണ് ആദ്യം മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്—ലാലി ജെയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു. തുടക്കത്തിൽ ലാലി ജെയിംസ് മേയറാകുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും, അവസാന നിമിഷമാണ് ഡിസിസി പ്രസിഡന്റിന്റെ തീരുമാനപ്രകാരം നിജി ജസ്റ്റിൻ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടത്.

നിജി ജസ്റ്റിനെ മേയറായി തീരുമാനിച്ചതോടെ കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തി പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പ്രതിഷേധങ്ങൾ ശക്തമായതോടെ ലാലി ജെയിംസ് വോട്ട് ചെയ്യാനെത്തുമോയെന്ന ആശങ്കയും ഉയർന്നു. എന്നാൽ അനിശ്ചിതത്വം അവസാനിപ്പിച്ച് ലാലി ജെയിംസ് വോട്ട് ചെയ്യാൻ എത്തുകയും, രണ്ട് സ്വതന്ത്ര കൗൺസിലർമാരോടൊപ്പം കോൺഗ്രസിന് വോട്ട് ചെയ്യുകയും ചെയ്തു.

കോൺഗ്രസിന് വോട്ട് ചെയ്തെങ്കിലും, പാർട്ടിക്കെതിരെ ഉയർത്തിയ പ്രതിഷേധത്തിൽ നടപടിയുണ്ടായാൽ പരസ്യ പ്രതികരണം നടത്തുമെന്ന് ലാലി ജെയിംസ് അറിയിച്ചു.

പാർട്ടി നേതൃത്വം പണം വാങ്ങിയാണ് മേയർ പദവി വിറ്റതെന്നും, നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കാണാൻ പോയതായും ലാലി ജെയിംസ് ആരോപിച്ചു. പണമില്ലാത്തതിന്റെ പേരിലാണ് തന്നെ പാർട്ടി തഴഞ്ഞതെന്നും, താൻ ഒരു വിധവയായതിനാലാണ് അവഗണിക്കപ്പെട്ടതെന്നും ലാലി ജെയിംസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റതെന്നും, ഒരു വർഷം പോലും മേയർ പദവി നൽകാൻ തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

malayalampulse

malayalampulse