ഷാഫി പറമ്പിലിന് തടവും 1000 രൂപ പിഴയും
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് മുൻ എംഎൽഎ ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നിരന്തരം കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ജനുവരി 21ന് ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കേസിൽ കോടതി അന്തിമ വിധി പ്രസ്താവിക്കുകയായിരുന്നു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചാണ് 2022 ജൂൺ 24ന് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. പാലക്കാട് ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ദേശീയപാത ഉപരോധത്തിൽ പങ്കെടുത്തത്.
കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ ഒമ്പതാം പ്രതിയായിരുന്നു. നിലവിൽ ഇടതുപക്ഷത്തേക്ക് ചേർന്ന പി. സരിനെ നേരത്തെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
അതേസമയം, ജനവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന സർക്കാരിനെതിരായ സമരങ്ങളാണിതെന്നും കേസുകളെ നിയമപരമായി നേരിടുമെന്നുമാണ് അറസ്റ്റ് വാറന്റിനെ തുടർന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചത്. നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അവയെല്ലാം ജനങ്ങൾക്കായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
