വിഭജന ഭീതി ദിനം: രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി/തിരുവനന്തപുരം: വിഭജനകാലത്ത് കോടിക്കണക്കിന് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും പ്രക്ഷോഭങ്ങളും അനുസ്മരിക്കുന്ന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്ന ദിനവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

2021ൽ മോഡി ഓഗസ്റ്റ് 14-നെ “വിഭജന ഭീതി ദിനം” ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു, 2022 മുതൽ രാജ്യത്ത് ഇത് ഔദ്യോഗികമായി ആചരിക്കുന്നു. എന്നാൽ കേരളത്തിൽ ദിനാചരണവുമായി ബന്ധപ്പെട്ട വിവാദം ശക്തമായി. കേരള സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ദിനം ആചരിക്കാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സർക്കുലർ അയച്ചതിനെതിരെ പ്രതിഷേധം ഉയർന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിപാടി സാമുദായിക സൗഹാർദം തകർക്കുമെന്നും സാമൂഹിക സംഘർഷത്തിന് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടി നിരോധിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, ദിനാചരണം തടയാൻ സംസ്ഥാനത്തെ മുഴുവൻ കോളേജ് യൂണിറ്റുകൾക്കും നിർദേശം നൽകിയതായി വ്യക്തമാക്കി. പരിപാടി എവിടെയായാലും പ്രതിഷേധം നേരിടേണ്ടിവരുമെന്ന് എസ്‌എഫ്‌ഐ മുന്നറിയിപ്പ് നൽകി.

അതേസമയം, കാസർകോട് കേന്ദ്ര സർവകലാശാലയിൽ പുലർച്ചെ 12.30-ന് എബിവിപി നേതൃത്വത്തിൽ വിഭജന ഭീതി ദിനം ആചരിച്ചു. ഇന്ന് സർവകലാശാലയിൽ മുഴുവൻ ദിനവും പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

malayalampulse

malayalampulse