20 രൂപ കൈക്കൂലി കേസ്: 30 വർഷത്തിന് ശേഷം നിരപരാധിത്വം തെളിഞ്ഞ കോൺസ്റ്റബിൾ തൊട്ടടുത്ത ദിവസം അന്തരിച്ചു

അഹമ്മദാബാദ്: 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ 30 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിൾ ബാബുഭായ് പ്രജാപതി അന്തരിച്ചു. വിധി വന്നതിന്റെ അടുത്ത ദിവസമാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.

1996ൽ വെജാൽപുരിൽ കോൺസ്റ്റബിളായി സേവനമനുഷ്ഠിക്കുമ്പോഴാണ് 20 രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബാബുഭായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആരോപണം അദ്ദേഹം നിഷേധിച്ചെങ്കിലും അന്വേഷണം മുന്നോട്ടുപോയി. 2002ൽ കുറ്റം ചുമത്തുകയും 2004ൽ സെഷൻസ് കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിക്കുകയും ചെയ്തു. നാല് വർഷം തടവും 3000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. തുടർന്ന് ബാബുഭായിക്ക് ജോലി നഷ്ടപ്പെടുകയും സർവീസ് ആനുകൂല്യങ്ങൾ തടയുകയും ചെയ്തു.

ഇതിനെതിരെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. നിതിൻ ഗാന്ധിയാണ് അദ്ദേഹത്തിനായി കേസ് വാദിച്ചത്. സാക്ഷിമൊഴികളിലെ വൈരുധ്യവും പൊലീസ് നടപടിക്രമങ്ങളിലെ പിഴവുകളും ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പതിറ്റാണ്ടുകളായി നീണ്ടുനിന്ന കേസ് ഒടുവിൽ ഫെബ്രുവരി 4ന് ഹൈക്കോടതി തീർപ്പാക്കി. ജഡ്ജി എസ്.വി. പിന്റോ ബാബുഭായ് പ്രജാപതിയെയും കേസിലെ മറ്റു രണ്ട് കോൺസ്റ്റബിളുകളെയും കുറ്റമുക്തരാക്കി.

കേസിന്റെ പേരിൽ നഷ്ടപ്പെട്ട പ്രമോഷനും ആനുകൂല്യങ്ങളും സർക്കാരിൽ നിന്ന് നഷ്ടപരിഹാരമായി തേടണമെന്ന് അഭിഭാഷകൻ നിർദേശിച്ചെങ്കിലും, “എന്റെ ദേഹത്തെ അഴിമതിക്കറ നീങ്ങിയതാണ് വലിയ കാര്യം, ഇനി ദൈവത്തിനരികിലേക്ക് പോകാൻ മതി” എന്നാണ് ബാബുഭായ് മറുപടി നൽകിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

വിധി വന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ ഉറക്കത്തിൽ തന്നെ മരണപ്പെട്ടു. സ്വാഭാവിക മരണമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ജീവിതകാലം മുഴുവൻ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

1996ൽ പൊലീസുകാർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന് ആന്റി കറപ്ഷൻ ബ്യൂറോ ലോറി ഡ്രൈവർമാരുടെ വേഷത്തിൽ കെണിയൊരുക്കിയതോടെയാണ് കേസ് ഉണ്ടായത്. എന്നാൽ 30 വർഷങ്ങൾക്കുശേഷം കോടതി വിധി അദ്ദേഹത്തെ പൂർണമായും കുറ്റമുക്തനാക്കി.

malayalampulse

malayalampulse