തിരുവനന്തപുരം ∙ പീരുമേട് നിയമസഭാ മണ്ഡലത്തിലെ സിപിഐ എംഎൽഎ വാഴൂർ സോമൻ (72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്പീക്കർ എ. എം. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി. ആർ. അനിൽ എന്നിവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പിന്നീട് ആശുപത്രിയിലെത്തി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തി വാഴൂർ സോമൻ എംഎൽഎയായി.
1952 സെപ്റ്റംബർ 14-ന് കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി ജനിച്ചു. എഐഎസ്എഫ് മുഖാന്തരം രാഷ്ട്രീയരംഗത്തെത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
നാൽപ്പതിറ്റാണ്ടിലേറെ പീരുമേട് മേഖലയിൽ തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച വാഴൂർ സോമൻ, നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു.
കുടുംബാംഗങ്ങൾ:
ഭാര്യ – ബിന്ദു സോമൻ, മക്കൾ – സോബിൻ സോമൻ (മാതൃഭൂമി, കോഴിക്കോട്), അഡ്വ. സോബിത്ത് സോമൻ, മരുമകൾ – പൂജിത.
അന്ത്യകർമ്മങ്ങൾ:
മൃതദേഹം എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11-ന് വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. വൈകിട്ട് 4 മണിക്ക് വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടുവളപ്പിൽ സംസ്കാരം.
