വണ്ടൂർ: വയനാട് പാർലമെന്റ് മണ്ഡലം എംപി പ്രിയങ്ക ഗാന്ധിയുടെ ഒരു വർഷത്തെ പ്രധാന വികസന പ്രവർത്തനങ്ങളും ഇടപെടലുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഒപ്പോദ്’ പ്രകാശനം ചെയ്തു. വണ്ടൂരിൽ നടന്ന ചടങ്ങിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ എംഎൽഎ, പി കെ ബഷീർ എംഎൽഎയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
2024 നവംബർ 28ന് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തതുമുതൽ 2025 ഡിസംബർ 31 വരെ വയനാട് മണ്ഡലത്തിൽ നടത്തിയ പ്രധാന ഇടപെടലുകളും വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് ‘ഒപ്പോദ്’ തയ്യാറാക്കിയിരിക്കുന്നത്. നിലമ്പൂർ പ്രദേശത്തെ ചോലനായ്ക്ക സമൂഹത്തിന്റെ തനത് ഭാഷയിൽ ‘ഒപ്പോദ്’ എന്നത് ‘ഒരുമിച്ചുള്ള യാത്ര’ എന്ന അർത്ഥം നൽകുന്ന പദമാണ്.
ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്കായി അടിയന്തര സഹായം അനുവദിക്കണമെന്നും ദുരന്തത്തെ തീവ്ര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാരോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണുകയും ചെയ്തു. തുടർന്ന് 2024 ഡിസംബർ 30ന് കേന്ദ്രസർക്കാർ ദുരന്തത്തെ തീവ്ര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ബാധിതരുമായി നേരിൽകാണുകയും വിഷയങ്ങൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അടക്കമുള്ളവർക്ക് കത്തുകളിലൂടെ അറിയിക്കുകയും പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കുകയും വീടിന്റെ പണി പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്തതും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വണ്ടൂരിൽ ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുകയും തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡിനും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നിലമ്പൂർ റോഡ് അണ്ടർപാസ് തുറക്കൽ, ഷൊർണൂർ–എറണാകുളം സർവീസ് നിലമ്പൂർ വരെ നീട്ടൽ, മെമു സർവീസുകൾ വിപുലീകരിക്കൽ, തൂവൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുകൾ അനുവദിക്കൽ തുടങ്ങിയ നടപടികൾ നടപ്പിലായി.
സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ കെട്ടിടമില്ലാത്ത പത്ത് അംഗൻവാടികൾ നിർമ്മിക്കാൻ 3.8 കോടി രൂപ ലഭ്യമാക്കി. പിഎംജിഎസ്ഒയ് പദ്ധതിയിൽ ഉൾപ്പെടുത്തി 360-ലധികം ഗ്രാമീണ റോഡുകൾക്ക് അംഗീകാരം ലഭിക്കുകയും എംപി ഫണ്ടിൽ നിന്ന് ഇതിനകം 658.50 ലക്ഷം രൂപ വിനിയോഗിക്കുകയും ചെയ്തു.
ആരോഗ്യ മേഖലയിലെ ഇടപെടലുകളുടെ ഭാഗമായി വയനാട് സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷൻ 50 എംബിബിഎസ് സീറ്റുകൾക്ക് അംഗീകാരം നൽകിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആർആർടി സംഘത്തിന് സിഎസ്ആർ ഫണ്ടിൽ നിന്ന് 1.34 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ സി.ആർ.ഐ.എഫ് ഫണ്ടിൽ നിന്ന് 105 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. നഞ്ചങ്കോട് റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട ടണൽ റോഡ് നിർമാണത്തിന് കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത സമിതി രൂപീകരിക്കാനും ഇടപെടലുകൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
വണ്ടൂരിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ ഖാലീദ് മാസ്റ്റർ, വി എ കെ തങ്ങൾ, കെ സി കുഞ്ഞി മുഹമ്മദ് ഷൈജൽ, ടി പി ഗോപാലകൃഷ്ണൻ, ജബീബ് സുക്കീർ, കാപ്പിൽ മുരളി തുടങ്ങിയവർ പങ്കെടുത്തു.
