കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി Veena Georgeനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിന് തിരിച്ചടി. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന വാദം മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
ജില്ലാ ആശുപത്രി തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ മന്ത്രിക്ക് ആയുധം ഉപയോഗിച്ച് പരിക്കേറ്റതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലത് കൈമുട്ടിലും വേദനയുണ്ടെന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം കേസിൽ ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർ ജയിൽ മോചിതരായി. ഇവരെ ജയിലിന് പുറത്ത് വൻ സ്വീകരണമാണ് കെ.എസ്.യു പ്രവർത്തകർ ഒരുക്കിയത്.
ഇന്നലെ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറിയത്. മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അഞ്ച് കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരാണ് ജയിൽ മോചിതരായത്.
സംഭവത്തെ കുറിച്ച് പ്രതികരിച്ച എം.സി. അതുൽ, സ്പീക്കർ A. N. Shamseerയുടെ തിരക്കഥയിലും ഗൺമാന്റെ സംവിധാനത്തിലും മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളിയെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
